പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നു; നഷ്ടം രണ്ടരകോടിയിലധികം

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയുടെ സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു. എം കെ ജ്വല്ലറി ഉടമ കിണാത്തിയില്‍ യൂസഫ്(50) അനുജന്‍ ഷാനവാസ് എന്നിവരെയാണ് ആക്രമിച്ചത്.

പെരിന്തല്‍മണ്ണ പട്ടാമ്പി റോഡില്‍ അലങ്കാര്‍ തിയേറ്ററിന് സമീപം ഇന്നലെ രാത്രി ഒൻപതു മണിയോടെയാണ് സംഭവം. പതിവുപോലെ ജൂവലറി അടച്ചശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന . കാറില്‍ ഇരുവരെയും പിന്തുടര്‍ന്നെത്തിയ സംഘം ആദ്യം കാറുപയോഗിച്ച് സ്‌കൂട്ടര്‍ ഇടിച്ചിടുകയായിരുന്നു.

അലങ്കാര്‍ കയറ്റത്തിലെ വളവില്‍ ഇവരുടെ വീടിന് മുന്നിലെ ഗെയിറ്റില്‍ സ്‌കൂട്ടര്‍ എത്തിയ ഉടനെയായിരുന്നു ആക്രമണം. കാര്‍ ഇടിച്ചതോടെ സ്‌കൂട്ടര്‍ മറിഞ്ഞു.  കാറിലുണ്ടായിരുന്നവര്‍ യൂസഫിന്റെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിക്കുകയും മുഖത്തിടിക്കുകയും ചെയ്തശേഷം സ്വര്‍ണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ചെര്‍പ്പുളശ്ശേരി ഭാഗത്തേക്കുവന്ന കാറില്‍ത്തന്നെ കടന്നു. കാറിനുള്ളില്‍ എത്ര പേരുണ്ടായിരുന്നു എന്ന് വ്യക്തമായിട്ടില്ല.

പരിക്കേറ്റ യൂസഫ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. പെരിന്തല്‍മണ്ണ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ഊട്ടി റോഡിലെ കെ എം ജ്വല്ലറി ബില്‍ഡിങ് ഓടിട്ട കെട്ടിടത്തിലായതിനാല്‍ ആഭരണങ്ങള്‍ കടയില്‍ സൂക്ഷിക്കാതെ രാത്രി ഉടമയുടെ വീട്ടിലേക്ക് ബാഗിലാക്കി കൊണ്ടുപോകുകയാണ് പതിവ്. ഇത് വ്യക്തമായി അറിയുന്നവരാകും കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് സംശയം. നഷ്ടപ്പെട്ട സ്വര്‍ണത്തിന് രണ്ടരക്കോടി രൂപയിലധികം വിലവരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!