കൊച്ചി : നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഭൂഗർഭപാത പദ്ധതിയുമായി കൊച്ചി മെട്രോ.
മൂന്നാം ഘട്ടത്തിൽ ഈ പാത പൂർത്തിയാക്കാനുള്ള ആലോചനയുമായി കൊച്ചി മെട്രോ മുന്നോട്ട് പോന്നുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്കും തുടർന്ന് അങ്കമാലിയിലേക്കും പാതയൊരുക്കാനാണ് ആലോചന.
കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തിൻ്റെ രൂപരേഖ പൂർത്തിയായിരുന്നുവെങ്കിലും മാറ്റങ്ങൾ ആവശ്യമായതിനാലാണ് പുതിയ രൂപ രേഖ തയാറാക്കുന്നത്. പുതിയ റൂട്ട് പ്രകാരമുള്ള പദ്ധതിക്കായി 8,0000 കോടി രൂപയോളമാണ് ചെലവായി കണക്കാക്കുന്നത്.
നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്തേക്ക് പാത എത്തുമ്പോൾ ഇവിടെ ഭൂഗർഭപാതയാണ് നിർദേശിച്ചിരിക്കുന്നത്. ആലുവയിൽ നിന്ന് വിമാനത്താവളം വഴി അങ്കമാലിയിലേക്കുള്ള പുതിയ പാതയ്ക്ക് 19 കിലോമീറ്റർ ദൈർഘ്യമാണ് നിലവിൽ കണക്കാകുന്നത്.