പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കിയതിനെതിരെ സാന്ദ്ര തോമസ് കോടതിയിൽ

കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കിയ നടപടിയെ ചോദ്യം ചെയ്ത് സാന്ദ്ര തോമസ് കോടതിയെ സമീപിച്ചു. നടപടി റദ്ദാക്കണമെന്നും പുറത്താക്കിയത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് സാന്ദ്ര എറണാകുളം സബ് കോടതിയെ സമീപിച്ചത്. തനിക്കെതിരെ ഉയർന്ന ലൈംഗിക അധിക്ഷേപം ചോദ്യം ചെയ്തതാണ് പ്രതികാര നടപടിക്ക് കാരണമെന്ന് സാന്ദ്ര പ്രതികരിച്ചു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനത്തിനെതിരെ ഫിലിം ചേംമ്പറിനും കത്ത് നൽകും. നീക്കം മുന്നിൽ കണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നിയമ നടപടികൾ തുടങ്ങി. അച്ചടക്കം ലംഘിച്ചു എന്ന കാരണം കാണിച്ച് സാന്ദ്രയെ കഴിഞ്ഞ ദിവസമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ സമ്മര്‍ദ്ദത്തില്‍ ആക്കുന്ന പ്രതികരണങ്ങള്‍ സാന്ദ്രയുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു.

ഇതിനുപുറമേ അസോസിയേഷനിലെ അംഗങ്ങളായ ആന്‍റോ ജോസഫ്, ബി രാഗേഷ്, സന്ദീപ് മേനോന്‍, ലിസ്റ്റിന്‍ സ്റ്റീഫൻ, സിയാദ് കോക്കർ അടക്കമുള്ളവര്‍ക്കെതിരെ സാന്ദ്ര തോമസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യുന്നതിനിടെ തനിക്കെതിരെ ലൈംഗിക അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഉണ്ടായി എന്നായിരുന്നു പരാതി. പരാതിയുമായി വരുന്നവരെ നിശബ്ദരാക്കുകയെന്ന ഉദ്ദേശത്തിലാണ് തന്നെപ്പോലൊരാളെ സംഘടനയില്‍ നിന്ന് പുറത്താക്കിയതെന്ന് സാന്ദ്ര പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!