പത്തനംതിട്ട : നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടു നീതി ലഭിക്കുന്നതിന് വേണ്ടി ഹൈക്കോടതിയെയും സുപ്രീംകോടതിയെയും വരെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
ദിവ്യയ്ക്ക് ജാമ്യം കിട്ടുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല. പി പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയിലെത്തുന്നത്. എസ്‌ഐടി അന്വേഷണം കാര്യക്ഷമമല്ല. അക്കാര്യവും കോടതിയെ ബോധ്യപ്പെടുത്തും. ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
ഇതിനിടെ നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമുണ്ടെന്ന് ജയിൽ മോചിതയായ പി പി ദിവ്യ പ്രതികരിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും ദിവ്യ പറഞ്ഞു. മാദ്ധ്യമ പ്രവർത്തകരായാലും നാട്ടുകാരായാലും തന്നെ കാണാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി. എല്ലാവരുമായും സഹകരിച്ചുപോവുന്നതാണ് പതിവ്. ഏത് ഉദ്യോഗസ്ഥനോടും സദുദ്ദേശപരമായാണ് സംസാരിക്കാറുള്ളത്. കോടതിയിൽ തന്റെ നിരപരാധിത്വം തെളിയിക്കും.
എഡിഎമ്മിന്റെ മരണത്തിൽ കൃത്യമായ അന്വേഷണം നടക്കണമെന്നും എഡിഎമ്മിന്റെ കുടുംബത്തെ പോലെ തന്റേയും ആഗ്രഹം സത്യം തെളിയണമെന്നാണെന്നും പിപി ദിവ്യ പറഞ്ഞു.