തിരുവനന്തപുരത്ത് ആർമി ട്രക്ക് മരത്തിലിടിച്ച്‌ കുടുങ്ങി! ഗതാഗത തടസ്സം നേരിട്ടത് മണിക്കൂറുകളോളം…

തിരുവനന്തപുരം: പാപ്പനംകോട് – മലയിൻകീഴ് റോഡിൽ ആർമി ട്രക്ക് മരത്തിലിടിച്ച്‌ കുടുങ്ങി ഗതാഗതം തടസപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് സംഭവം. വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും വഴിമുടക്കിയായി  മണിക്കൂറുകളോളമാണ് ട്രക്ക് വഴിയിൽ കിടന്നത്.ഒടുവില്‍ ഫയർഫോഴ്സ് എത്തിയാണ് പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയത്.

പൂഴിക്കുന്നിന് സമീപത്ത് നിന്നും എത്തിയ ഇന്ത്യൻ ആർമിയുടെ ട്രക്ക് പൂഴിക്കുന്ന് വളവിലെ മരത്തില്‍ ഇടിച്ചതോടെ മരം താഴ്ന്ന് ട്രക്കിന് മുകളിലേക്ക് ചരിയുകയായിരുന്നു.

മിലിറ്ററി സാധനങ്ങള്‍ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്ന സാധാരണയിലും ഉയരമുള്ള ട്രക്കാണ് റോഡില്‍ കുടുങ്ങിയത്. മുന്നോട്ടും പിന്നോട്ടും അനങ്ങാതെയായതോടെ റോഡില്‍ ഗതാഗതം തടസപ്പെട്ടു.

പിന്നാലെയെത്തിയ വാഹനങ്ങള്‍ കുരുക്കിലായതോടെ വാഹനത്തിലുണ്ടായ വരും എന്തിനും തയ്യാറായെത്തി. മിലിറ്ററി ഉദ്യോഗസ്ഥരും ഡ്രൈവർമാരുമടക്കം പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വാഹനം ഒരിഞ്ച് നീക്കാനായില്ല. ഇതോടെയാണ് ഫയർഫോഴ്സില്‍ വിളി എത്തുന്നത്. തിരുവനന്തപുരം യൂണിറ്റില്‍ നിന്നും പാഞ്ഞെത്തിയ സേനാംഗങ്ങള്‍ വാഹനത്തിൻ്റെ മുകളില്‍ കയറി മരം മുറിച്ചതോടെയാണ് പ്രശ്നം പരിഹരിക്കാനായത്. ഒരു മണിക്കൂറെടുത്താണ് ആ ഭാഗത്തെ മരക്കഷണങ്ങള്‍ മറ്റ് അപകടങ്ങളൊന്നുമില്ലാതെ മുറിച്ചുമാറ്റിയത്. ഇതോടെ റോഡിലൂടെയുള്ള ഗതാഗതം പൂർവസ്ഥിതിയിലായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!