അടൂരിൽ വീടിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം

അടൂർ : വടക്കടത്തു കാവിലാണ് വീടിന് തീപിടിച്ചു വൻ നാശ നഷ്ടം സംഭവിച്ചത്.

ഇന്നലെ വൈകിട്ട് ആറേമുക്കാലോടെ വടക്കടത്തുകാവിൽ പത്മോസ് വീട്ടിൽ
രാജൻ എന്നയാളുടെ വീടിനോട് ചേർന്ന് നിർമ്മിച്ച ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന തേക്ക് തടി ഉരുപ്പടികൾക്ക് ആണ് തീപിടിച്ചത്.

തടി ഉരുപ്പടികളുടെ നിർമ്മാണം നടക്കുന്ന മോട്ടോറിൽ നിന്ന് ഉള്ള ഷോർട്ട് സർക്യൂട്ട് മൂലം തീ പടർന്നത് ആകാം എന്നാണ് പ്രാഥമിക നിഗമനം.  ഏകദേശം പത്ത് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കരുതുന്നത്.

വീടിൻ്റെ പിൻഭാഗത്ത് ഉള്ള ഷെഡിൽ തീ പടർന്നത്  വളരെ വൈകിയാണ് വീട്ടുകാർ  അറിഞ്ഞത്. തീ ആളി പടരുന്നത് കണ്ട അയൽവാസികൾ ആണ് വീട്ടുകാരെ വിവരം അറിയിച്ചത്.

ഇതിനിടെ വലിയ ശബ്ദത്തോടെ വീടിന്റെ ജനൽ ചില്ലകളും ഷെഡിനുള്ളിൽ തിന്നറുകൾ സൂക്ഷിച്ചിരുന്ന കുപ്പികളും പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടത് വലിയ പരിഭ്രാന്തി പരത്തി.

ഷെഡ്ഡിനുള്ളിൽ സൂക്ഷിച്ചിരുന്ന പെയിൻ്റ്, തിന്നർ എന്നിവയിലേക്ക് തീ പടർന്നു പിടിക്കുകയും സമീപത്ത് അടുക്കി സൂക്ഷിച്ചിരുന്ന  തടി ഉരുപ്പടികളിലേക്ക്  തീ ആളി പടരുകയും ആയിരുന്നു.

ഷെഡിനോട് ചേർന്നുള്ള കിടപ്പ് മുറിയിലേക്ക് തീ പടരുകയും  മുറിയിലുള്ള മെത്ത, കട്ടിൽ, തുണികൾ, അലമാര എന്നിവയ്ക്കും തീ പിടിച്ചു.

അയൽവാസികൾ ഫയർ ഫോഴ്സിൽ വിവരം അറിയിച്ചതിനെ തുടർന്ന് അടൂരിൽ നിന്നും അടൂർ നിന്നും  സ്റ്റേഷൻ ഓഫീസർ വി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ, സീനിയർ റെസ്ക്യൂ ഓഫീസർ അജിഖാൻ യൂസുഫ്, ഓഫീസർമാരായ സാനിഷ്, ശ്രീജിത്ത്, സന്തോഷ് ജോർജ്,  രാഹുൽ  പ്രശോബ്, അഭിലാഷ്, സുരേഷ് കുമാർ, മോനച്ചൻ,സിവിൽ ഡിഫൻസ് അംഗം ജ്യോതി എന്നിവരടങ്ങുന്ന സംഘം രണ്ടു മണിക്കൂർ പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ഷെഡിനുള്ളിൽ നിന്നും തടി ഉരുപ്പടികൾ സേന പൂർണ്ണമായും നീക്കം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!