കോട്ടയം: പ്രശസ്ത ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായ കോട്ടയം മങ്ങാനം കൈപ്പള്ളി ഇല്ലത്ത് ( കൈപ്പള്ളി ഇല്ലം പെരുമ്പാവൂർ ) ഡോ .(പ്രൊഫ ) കെ .കേശവൻ നമ്പൂതിരി (76 ) ന്യൂയോർക്കിനടുത്ത് ലിവർ പൂളിൽ മകൻ്റെ വസതിയിൽ അന്തരിച്ചു.
പ്രശസ്ത വിഷ വൈദ്യനായിരുന്ന കൈപ്പള്ളി കേശവൻ നമ്പൂതിരിയുടെയും ആര്യാ അന്തർജനത്തിൻ്റെയും മകനാണ്. ഐരാപുരം ശ്രീശങ്കര വിദ്യാപീഠം കോളേജിൽ മലയാള വിഭാഗം മേധാവിയായിരുന്നു. സംസ്കൃതത്തിലും മലയാളത്തിലുമായി ഒട്ടേറെ സ്തോത്ര കൃതികളും നാടകങ്ങളും എഴുതിയിട്ടുണ്ട്. ശങ്കരാചാര്യ സ്വാമികളുടെ ജീവിതത്തെ അധീകരിച്ചെഴുതിയ സർവ്വജ്ഞ ശങ്കരം എന്ന നാടകം കാഞ്ചി കാമകോടി പീഠം അംഗീകരിച്ച് ആദരിച്ചിട്ടുണ്ട്.
പ്രശസ്ത സംഗീത സംവിധായകൻ പെരുമ്പാവൂർ ജി. രവീന്ദ്രനാഥുമായി ചേർന്ന് മുത്തുസ്വാമി ദീക്ഷിതരുടെ കൃതികൾക്ക് വ്യാഖ്യാനമെഴുതി. സംസ്കൃതത്തിൽ നരസിംഹമൂർത്തി സഹ സ്രനാമം എഴുതിയിട്ടുണ്ട്. ആര്യ ഗീതി ,അമൃത ഗീതി എന്നിവ സോപാനത്ത് പാടുന്നതിനായി എഴുതിയ ദശാവാതാര കീർത്തനം ഉൾപ്പെടെയുള്ള കൃതികളുടെ സമാഹാരമാണ്.
ഭാര്യ: കോട്ടയം ചോഴിയത്തില്ലത്ത് സി .പി.ലതാകുമാരി (റിട്ട. സൗത്ത് ഇന്ത്യൻ ബാങ്ക് ) മക്കൾ: കെ .ഇന്ദു ( എഞ്ചിനീയർ ഖത്തർ ) , കെ. സുദീപ് (ആമസോൺ യുഎസ്.എ) .മരുമക്കൾ: പ്രിജിത്ത് ഹരിഹരൻ ( എഞ്ചിനീയർ ഖത്തർ) , ശ്രീദേവി താഴെ പെരിങ്ങോട് കാഞ്ഞങ്ങാട് കാസർകോട് ( എഞ്ചിനീയർ യു.എസ്. എ ). സംസ്കാരം പിന്നീട് .