ഒരു റിസർവ് വനത്തിലൂടെയുള്ള യാത്രയാണെന്ന് കരുതിയാൽ തെറ്റി…കൂരോപ്പട പഞ്ചായത്തിലെ ഒരു റോഡ്…

കോത്തല(കോട്ടയം):  വൃക്ഷലതാദികളാൽ സമ്പുഷ്ടമായ ഒരു റിസർവ് വനത്തിലൂടെയുള്ള യാത്രയാണെന്ന് കരുതിയാൽ തെറ്റി. ഇത് കോട്ടയം ജില്ലയിലെ കൂരോപ്പട പഞ്ചായത്തിലെ ഒരു റോഡാണ്.

നഴ്സറി ക്ലാസിൽ പഠിക്കുന്ന പിഞ്ചുകുഞ്ഞുങ്ങൾ തുടങ്ങി ഹൈസ്കൂൾ തലംവരെ പഠിക്കുന്ന വിദ്യാർത്ഥികൾ, ആയുർവേദാശുപത്രി യിലേക്ക് ചികിത്സാർത്ഥം പോകുന്ന മുതിർന്നവർ ഉൾപ്പെടെയുള്ള രോഗികൾ, ക്ഷേത്രത്തിലേക്കുള്ള ഭക്തജനങ്ങൾ തുടങ്ങി നിരവധിയാളുകൾ കാൽ നടയായും മറ്റും യാത്ര ചെയ്യുന്ന ഇളംകാവ് – മൂലേപ്പിക പി.ഡബ്ലിയു.ഡി റോഡിലെ കോത്തലതോട്ടത്തിൽപ്പടി മുതൽ പുളിങ്ങാശേരി ഭാഗം വരെയുള്ള 400 മീറ്ററോളം ഭാഗം.

റോഡിന്റെ  ഇരുവശവും ഒരാൾപൊക്കത്തിൽ വരെ കാട് വളർന്ന് റോഡിൻ്റെ വീതി പകുതിയായി കുറഞ്ഞതുകൊണ്ട് വാഹനങ്ങൾക്ക് പോകാനും ബുദ്ധിമുട്ടാണ്. എതിർ ദിശയിൽ നിന്ന് വാഹനങ്ങൾ ഒരേ സമയം കടന്നു വരുമ്പോൾ സൈഡ് കൊടുക്കാനും കഴിയാത്ത അവസ്ഥയിലാണ്.

വാഹനങ്ങൾ വരുമ്പോൾ കാൽ നടയാത്രക്കാർക്ക് തങ്ങളുടെ ജീവൻ രക്ഷിക്കാനായി വശങ്ങളിലേക്ക് ഓടിമാറാനും സാധിക്കുന്നില്ല. കാരണം കുറ്റിച്ചെടികളും മുൾപ്പടർപ്പുകളും കൊണ്ട് ഇരുവശവും നിബിഡമാണ്. ഉഗ്രവിഷമുള്ള ഇഴജന്തുക്കൾ വരെ ഇവിടെയുണ്ടെന്നും നാട്ടുകാർ പറയുന്നു.

താരതമ്യേന വീടുകൾ കുറവുള്ള ഈ ഭാഗത്ത് ശുചിമുറി മാലിന്യം, ഇറച്ചിക്കടമാലിന്യം തുടങ്ങിയവ വലിച്ചെറിയുന്നതും  നിത്യ സംഭവമാണ്. തൊഴിലുറപ്പു തൊഴിലാളികളുടെ സേവനം ഉപയോഗിച്ച് കാടുംമറ്റും നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു ഒരു സി.സി ക്യാമറ ഇവിടെ സ്ഥാപിക്കുന്നതും ഗുണകരമാണ്. ഇതുമൂലം മാലിനും തള്ളുന്നത് ഒഴിവാക്കാൻ സാധിക്കും

ഇളംകാവ് ഭഗവതി ക്ഷേത്രം, ഗവ: ആയുർവേദാശുപത്രി, കൂരോപ്പട കൃഷിഭവൻ സ്റ്റേറ്റ് റബർ മാർക്കറ്റിംഗ് സൊസൈറ്റിയുടെ വളം മിക്സിംഗ് യൂണിറ്റ് സെയിൽസ് ഡിപ്പോ തുടങ്ങിയ സ്ഥാപനങ്ങൾ ഈ റോഡിൻ്റെ വശങ്ങളിലാണ്. എൻ.എസ്എസ് നഴ്സറി സ്കൂൾ ഹൈസ്കൂൾ എന്നീ സ്ഥാപനങ്ങളിലേക്കുള്ള എളുപ്പവഴിയുമാണിത്.

തോട്ടത്തിൽ പടി മുതൽ ഇളംകാവ് അമ്പലക്കവല വരെയുള്ള 900 മീറ്റർ റോഡിൻ്റെ ഇരുവശവും കോൺക്രീറ്റ് ചെയ്താൽ ജനങ്ങൾക്കു ഉപകാരപ്രദമാകുമെന്ന് പൊതുപ്രവർത്ത കനായ പി എൻ ശിവൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!