കാഠ്മണ്ഡു: സാഫ് വനിതാ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ചിര വൈരികളായ പാകിസ്ഥാന്‍ വനിതാ ടീമിനെ തകര്‍ത്തു.
വെറ്ററന്‍ താരം ബാല ദേവി അന്താരാഷ്ട്ര ഫുട്‌ബോളിലെ 50ാം ഗോള്‍ കുറിച്ച മത്സരം എന്നതും ശ്രദ്ധേയമായി. ക്യാപ്റ്റന്‍ ലോയ്‌തോംഗ്ബാം ആശലത ദേവിയുടെ 100ാം അന്താരാഷ്ട്ര പോരാട്ടവുമായിരുന്നു.
രണ്ടിനെതിരെ 5 ഗോളുകള്‍ക്കാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇന്ത്യക്കായി ഗ്രെയ്‌സ് ഡാംഗ്മെയ് ഇരട്ട ഗോളുകള്‍ നേടി.
കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ഇന്ത്യ ഗ്രെയ്‌സിലൂടെ മുന്നിലെത്തി. മനീഷ കല്യാണ്‍ 17ാം മിനിറ്റില്‍ രണ്ടാം ഗോള്‍ വലയിലിട്ടു. 35ാം മിനിറ്റിലാണ് ബാല ദേവി വല ചലിപ്പിച്ചത്.
42ാം മിനിറ്റില്‍ ഗ്രെയ്‌സ് തന്റെ രണ്ടാം ഗോളിലൂടെ ടീമിന്റെ ലീഡുയര്‍ത്തി. 78ാം മിനിറ്റില്‍ ജ്യോതി ചൗഹാന്‍ അഞ്ചാം ഗോള്‍ നേടി ടീമിനു ത്രില്ലര്‍ ജയം ഒരുക്കി. അടുത്ത മത്സരത്തില്‍ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികള്‍.