ഹരിദ്വാർ : ജയിലില്‍ നാടകം അവതരിപ്പിക്കുന്നതിനിടെ രണ്ട് തടവുകാര്‍ ജയില്‍ ചാടി. രാം ലീല നാടകത്തിലെ വാനര സേനയിലെ അംഗങ്ങളായി വേഷമിട്ട പങ്കജ്, രാജ് കുമാര്‍ എന്നിവരാണ് നാടകത്തിനിടെ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് സംഭവം.നാടകത്തിന്റെ മുഴുവന്‍ ചുമതലയും തടവ് പുള്ളികള്‍ക്കായിരുന്നു. നാടകത്തിനിടെ സീതയെ തിരയുന്ന വാനരസേനയിലെ അംഗങ്ങളായ പങ്കജും രാജ്കുമാറും പ്രകടനം മറയാക്കി ജയിലില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു.
രണ്ട് ജയില്‍ അന്തേവാസികളും ഹനുമാന്റെ നേതൃത്വത്തിലുള്ള വാനരസൈന്യത്തിലെ മറ്റ് അംഗങ്ങളും സീതയെ തിരയുന്ന ഭാഗം അഭിനയിക്കുന്നതിനിടെയാണ് ഇവര്‍ വേദിയില്‍ നിന്നും ഓടിരക്ഷപ്പെട്ടത്. ഇത് പ്രകടനത്തിന്റെ ഭാഗമാണെന്ന് പൊലീസുകാരും വിചാരിച്ചു. സീതയെ അന്വേഷിക്കാന്‍ പോയവരെ തിരിച്ച് കാണാതായപ്പോഴാണ് ഇവർ ജയിൽ ചാടിയതാണെന്ന് മനസിലായത്.പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.