തിരുവനന്തപുരം : ഏഷ്യാനെറ്റ് ന്യൂസിനെതിരെ തുറന്ന യുദ്ധവുമായി ബിജെപി സംസ്ഥാന നേതൃത്വം. സംഘി ബന്ധം സത്യമോ എന്ന പേരില്‍ സംഘടിപ്പിച്ച ന്യൂസ് അവർ ചർച്ചയ്‌ക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഇതാണ് പിതൃശൂന്യമായ മാദ്ധ്യമപ്രവർത്തനമെന്ന് കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
നിയമസഭയിലെ അടിയന്തര പ്രമേയ ചർച്ചകളും ആർഎസ്‌എസ് ബന്ധമെന്ന പേരില്‍ നിയമസഭയില്‍ നടന്ന ആരോപണ പ്രത്യാരോപണങ്ങളുമായിരുന്നു ന്യൂസ് അവറിലെ ചർച്ച. ഇതിനിടെ മഞ്ചേശ്വരം കോഴക്കേസില്‍ ഏഷ്യാനെറ്റും ഗൂഢാലോചനയില്‍ ഭാഗമായിരുന്നുവെന്ന കെ സുരേന്ദ്രന്റെ ആരോപണവും പരാമർശിച്ചിരുന്നു. ഇതിന്റെ മറുപടിയായിട്ടാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റർ വിനു വി ജോണ്‍ ആയിരുന്നു ചർച്ചയില്‍ അവതാരകൻ. ന്യൂസ് അവറിന്റെ സോഷ്യല്‍ മീഡിയ കാർഡ് പങ്കുവെച്ചുകൊണ്ടായിരുന്നു കെ സുരേന്ദ്രന്റെ ആദ്യ പ്രതികരണം. ‘സംഘിബന്ധം സത്യമോ’ എന്ന ന്യൂസ് അവർ വിഷയവും അതില്‍ രേഖപ്പെടുത്തിയിരുന്നു. “മിസ്റ്റർ വിനു വി ജോണ്‍, താങ്കള്‍ അന്തസ്സുള്ള ഒരു മാദ്ധ്യമപ്രവർത്തകനായിരുന്നെങ്കില്‍ ഇന്നത്തെ പെയ്ഡ് അന്തിച്ചർച്ചയില്‍ പേരിനെങ്കിലും ഒരു ബിജെപി വക്താവിനെ വിളിക്കണമായിരുന്നു. അതും ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെയുള്ള ഒരു കേസ് ചർച്ച ചെയ്യുമ്ബോള്‍. സംഘി എന്നൊക്കെ പറയുന്ന താങ്കള്‍ക്ക് ഏതെങ്കിലും ഘട്ടത്തില്‍ സുഡാപ്പി, കമ്മി, കൊങ്ങി എന്നൊക്കെ മറ്റുള്ളവരെക്കുറിച്ച് ഇങ്ങനെ അടിച്ചിറക്കാനുള്ള ധൈര്യം ഏതെങ്കിലും കാലത്തുണ്ടാവുമോ”യെന്ന് കെ. സുരേന്ദ്രൻ ചോദിച്ചു.
താങ്കളടക്കം നാലു കോണ്‍ഗ്രസുകാർ ഏകപക്ഷീയമായി പുലമ്ബിയ കാര്യങ്ങള്‍ക്കെല്ലാം വസ്തുനിഷ്ഠമായ മറുപടിയുണ്ടെന്നും ഇതിന് മറുപടി ജനങ്ങളോട് പറയുമെന്നും കെ. സുരേന്ദ്രൻ കുറിച്ചു. ഇതിന് പിന്നാലെ വ്യാഴാഴ്ച (ഒക്ടോബർ 10) രാവിലെ 10 മണിക്ക് തൈക്കാടുളള ബിജെപി സംസ്ഥാന കാര്യാലയത്തില്‍ വാർത്താസമ്മേളനം വിളിച്ചതായ അറിയിപ്പും കെ സുരേന്ദ്രൻ ഫേസ്ബുക്കില്‍ പങ്കുവെച്ചു.
കോണ്‍ഗ്രസ് എംഎല്‍എ ഡോ. മാത്യു കുഴല്‍നാടൻ, മുൻ ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി ആസഫലി, രാഷ്‌ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ എന്നിവരായിരുന്നു ചർച്ചയില്‍ പാനലിസ്റ്റുകളായി പങ്കെടുത്തത്. നിയമസഭയ്‌ക്ക് അകത്ത് നടക്കുന്ന ചർച്ചകളില്‍ പുറത്തിരിക്കുന്ന ബിജെപി സംസ്ഥാന നേതൃത്വം ഉത്തരമില്ലാതെ വലയുന്നുവെന്ന് അടക്കമുളള പരാമർശങ്ങള്‍ അവതാരകൻ നടത്തിയിരുന്നു.മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രൻ അടക്കം ആറ് ബിജെപി നേതാക്കളെയും കാസർകോഡ് ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം കുറ്റവിമുക്തരാക്കിയിരുന്നു. ഇതിന് പിന്നാലെ കെ സുരേന്ദ്രൻ കുറ്റക്കാരനാണെന്ന തരത്തില്‍ ചിത്രീകരിച്ച് ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക പരിപാടിയും സംപ്രേഷണം ചെയ്തു. ഇതിനെതിരെ രാവിലെ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തില്‍ കെ സുരേന്ദ്രൻ പരസ്യമായി പ്രതികരിച്ചിരുന്നു.
മഞ്ചേശ്വരം കോഴക്കേസ് ഏഷ്യാനെറ്റിലെ സുഡാപ്പി മാദ്ധ്യമപ്രവർത്തകനായ ഒരാള്‍ കർണാടകത്തിലെ ഉള്‍വനത്തില്‍ സുന്ദരയെ കൂട്ടിക്കൊണ്ടുപോയി ഫ്രെയിം ചെയ്തതാണെന്ന് ആയിരുന്നു കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയത്. ആസൂത്രിതമായ ഗൂഢാലോചന അതിന് പിന്നില്‍ നടന്നുവെന്നും ബിജെപി അദ്ധ്യക്ഷൻ ആരോപിച്ചു. സിപിഎമ്മിലെ ഒരു വിഭാഗവും എതിർസ്ഥാനാർത്ഥിയായിരുന്ന വിവി രമേശും ഏഷ്യാനെറ്റ് ന്യൂസും ചേർന്നാണ് ഗൂഢാലോചന നടത്തിയത്. എന്നെ കുറ്റവിമുക്തനാക്കിയതില്‍ അവർക്ക് നല്ല ബുദ്ധിമുട്ടുണ്ട്. കോടതി വിധിക്ക് പിന്നാലെ അര മണിക്കൂർ വാർത്ത കൊടുത്തിരുന്നു. ഞങ്ങള്‍ പോരാടിയാണ് വിജയിച്ചതെന്നും ഒരു മാദ്ധ്യമ നൈതികതയും സാമാന്യനീതിയും ഇക്കാര്യത്തില്‍ കാട്ടണമെന്നുമായിരുന്നു കെ സുരേന്ദ്രന്റെ വാക്കുകള്‍.
ഒരു വ്യക്തിയെ അപകീർത്തിപ്പെടുത്തുന്നതിന് വേണ്ടി ആസൂത്രിതമായ ഗൂഢാലോചനയാണ് നടന്നത്. ആസൂത്രിതമായ ഗൂഢാലോചനയ്‌ക്ക് ഏഷ്യാനെറ്റിനെപ്പോലുളള ഉത്തരവാദിത്വപ്പെട്ട മാദ്ധ്യമം കൂട്ടുനിന്നുവെന്നത് നിർഭാഗ്യകരമായിപ്പോയെന്നും രാഷ്‌ട്രീയമാകാം പക്ഷെ നീചമായി വ്യക്തിഹത്യ ചെയ്യുന്നത് ശരിയായ നടപടിയല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞിരുന്നു.
