തിരുവനന്തപുരം : വിവാദങ്ങള്‍ക്ക് നടുവിലായിരുന്നു ഇന്ന് നിയമസഭാ സമ്മേളനം തുടങ്ങിയത്. ബഹളത്തില്‍ മുങ്ങിയ സഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോകുകയും ചെയ്തു. പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ ഏറ്റുമുട്ടുന്ന കാഴ്ച്ചയും സഭ കണ്ടു. ഇതിനിടെ സ്പീക്കര്‍ക്ക് നേരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് തന്നെ രംഗത്തെത്തി. ആരാണ് പ്രതിപക്ഷ നേതാവ് എന്ന് സ്പീക്കര്‍ ചോദിച്ചതാണ് വി.ഡി സതീശനെ പ്രകോപിപ്പിച്ചത്.
മാത്യു കുഴല്‍നാടന്‍ ഡയസിന് മുന്നില്‍ നിന്ന് മാറാതെ വന്നപ്പോഴായിരുന്നു സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഈ ചോദ്യം ഉയര്‍ത്തിയത്. തുടര്‍ന്ന് സ്പീക്കറുടെ പക്വതയില്ലായ്മ കൊണ്ടാണ് ആ ചോദ്യം ചോദിച്ചതെന്ന് വി.ഡി സതീശന്‍ മറുപടി നല്‍കി. ഒരു സ്പീക്കര്‍ പദവിക്ക് അപമാനകരമായ ചോദ്യമാണെന്ന് പറഞ്ഞ് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിക്കുകയായിരുന്നു.
ഇതിനിടയില്‍ വര്‍ക്കല എംഎല്‍എയും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ വി.ജോയിയും സഭയില്‍ കടുത്ത പരാമര്‍ശങ്ങള്‍ നടത്തി. ചോദ്യോത്തര വേളയിലായിരുന്നു ജോയി പ്രതിപക്ഷാംഗത്തിന് നേരെ ക്ഷുഭിതനായത്. ”എന്നോട് മറ്റേ വര്‍ത്തമാനം പറയരുത്. അതൊക്കെ നിന്റെ കൈയില്‍ വച്ചിരുന്നാ മതി. എന്നോട് വേണ്ടാ. എന്നായിരുന്നു ജോയിയുടെ പ്രതികരണം”. തുടര്‍ന്ന് സ്പീക്കര്‍ ഇടപെടുകയായിരുന്നു. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ തന്നോട് പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞ് സ്പീക്കര്‍ രംഗം ശാന്തമാക്കി.