ഇടുക്കി : മൂന്നാറിൽ ആശുപത്രിയില്‍ അതിക്രമിച്ച് കയറി ഗർഭിണിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയില്‍.
മാട്ടുപ്പട്ടി സ്വദേശി വി. മനോജ് (27) ആണ് പിടിയിലായത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലെത്തിയ ഇയാള്‍ യുവതിയെ ആക്രമിക്കുകയായിരുന്നു.
സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് പ്രതി ആശുപത്രിക്കുള്ളിലെത്തിയത്. തുടർന്ന് ഉറങ്ങി കിടന്ന യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പ്രതിയെ പിടികൂടുകയായിരുന്നു.
2023-ല്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയാണ് ഇയാള്‍ അതിക്രമം നടത്തിയത്. യുവതിക്കെതിരെ ആക്രമണം നടത്തിയതിന് പിന്നിലെ കാരണം വ്യക്തമല്ല. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു.
