കോഴിക്കോട് : മോന്റെ അടുത്ത് തീരെ നിൽക്കാന്‍ പറ്റുന്നില്ല, ഈ പണി ഒഴിവാക്കി പഴയ പെയിന്റിംഗ് പണി തന്നെ നോക്കണം’, ലോറിയുമായി യാത്ര തുടങ്ങും മുമ്പ് അവസാനമായി സുഹൃത്തുക്കളുമായി ഒരുമിച്ച് കൂടിയപ്പോള്‍ അര്‍ജ്ജുന്‍ പറഞ്ഞ വാക്കുകളാണിത്.
ഇന്ന് കാര്‍വാറിൽ നിന്ന് അര്‍ജുൻ അവസാന യാത്ര തുടങ്ങി, സ്വന്തം വിയര്‍പ്പിൽ ചേര്‍ത്തുപിടിച്ച മണ്ണിലേക്ക് അന്ത്യവശ്രമത്തിനായി അവൻ എത്തുകയാണ്. അവന് വിശ്രമത്തിനുള്ള മണ്ണൊരുങ്ങുമ്പോഴാണ് അന്ന് പറഞ്ഞ ഈ വാക്കുകൾ സുഹൃത്തും അയല്‍വാസിയുമായ നിധിന്‍ ഒര്‍ത്തെടുത്തത്.
രണ്ടര വയസ്സുകാരനായ അയാന്റെ കുസൃതികള്‍ അത്രയേറെ കാണാന്‍ കൊതിച്ചിരുന്നു അര്‍ജുൻ. ലോറിയുമായി ഇറങ്ങിയാല്‍ പിന്നെ ദിവസങ്ങള്‍ കഴിഞ്ഞാലാണ് തിരികെ എത്താനാവുക. ഏറെ ഇഷ്ടമുള്ള ജോലിയായിരുന്നെങ്കിലും അയാനെ കണ്ടുകൊണ്ടേയിരിക്കാൻ ആ ജോലി നിര്‍ത്തണമെന്ന് അര്‍ജ്ജുന്‍ പറഞ്ഞിരുന്നതായി നിധിനും സുഹൃത്തുക്കളും ഓര്‍മിച്ചു പറയുന്നു.
71 ദിവസങ്ങൾക്ക് ശേഷം അര്‍ജുൻ ഓടിച്ച ലോറി പുഴയിൽ നിന്ന് പൊക്കിയെടുത്തപ്പോഴും കാബിനിൽ നശിക്കാതെ കിടന്നിരുന്നത് അയാന് വേണ്ടിയുള്ള കളിപ്പാട്ടങ്ങളായിരുന്നു.
