‘തീപ്പന്തം പോലെ കത്തിജ്വലിക്കും’; ജനം ഒപ്പമുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി ആലോചിക്കും: പി വി അന്‍വര്‍

മലപ്പുറം: താന്‍ സിപിഎമ്മിനെ ദുര്‍ബലപ്പെടുത്താന്‍ വേണ്ടി ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്ന് പി വി അന്‍വര്‍ എംഎല്‍എ. ഈ പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന രീതിയിലാണ് കേരളത്തിലെ പൊലീസിങ് പോയി കൊണ്ടിരിക്കുന്നത്.സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്ക് പാവങ്ങളുടെ പ്രശ്‌നങ്ങളുമായി സ്റ്റേഷനില്‍ പോകാന്‍ കഴിയാത്ത സ്ഥിതിയാണ് നിലനില്‍ക്കുന്നത്. പൊലീസ് സ്റ്റേഷനില്‍ പോയി ലോക്കല്‍ നേതാക്കള്‍ക്ക് ചോദ്യം ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ചോദ്യം ചെയ്താല്‍ പൊലീസ് കേസ് വരുന്ന സ്ഥിതിയാണ്. പാര്‍ട്ടി ഓഫീസുകളില്‍ പൊതുപ്രശ്‌നവുമായി ആളുകള്‍ വരാതെയായി. ഇതാണ് ചൂണ്ടിക്കാണിച്ചത്. ഇക്കാര്യം പറഞ്ഞത് നേതൃത്വത്തിന് ഇഷ്ടമായില്ലെങ്കില്‍ ഏറ്റുപറച്ചില്‍ തുടര്‍ന്നു കൊണ്ടേയിരിക്കുമെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘എനിക്ക് കമ്യൂണിസ്റ്റ് ഭാഷ അറിയില്ല. കേരളത്തിലെ ലക്ഷകണക്കിന് വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം മാര്‍ക്‌സും എംഗല്‍സും എഴുതി വച്ചത് പഠിച്ചിട്ട് വന്നവരല്ല. അത്തരത്തില്‍ ഒരു തെറ്റിദ്ധാരണ നേതൃത്വത്തിന് ഉണ്ടെങ്കില്‍ അത് തെറ്റാണ്. ഒരു ധാരണയുടെ അടിസ്ഥാനത്തിലാണ് ആളുകള്‍ പാര്‍ട്ടിയിലേക്ക് വരുന്നത്. പാവങ്ങളെ സഹായിക്കുന്ന പാര്‍ട്ടി എന്ന നിലയിലാണ് ആളുകള്‍ ഈ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. പക്ഷേ ഒരു പ്രശ്‌നമുണ്ടായാല്‍ സാധാരണക്കാരായ പ്രവര്‍ത്തകരോട് വിളിച്ചുചോദിക്കണം. ഏഴാംകൂലിയായ അന്‍വര്‍ നടത്തിയ അന്വേഷണം പോലും പാര്‍ട്ടി നടത്തിയിട്ടില്ല. അതുനടത്താതെ എന്റെ നെഞ്ചത്തേക്ക് കയറിയിട്ട് കാര്യമില്ല. ഇവനാരിത് ഇതൊക്കെ പറയാന്‍, സംഘടനയുമായി ബന്ധമില്ലാത്തവന്‍ എന്ന രീതിയിലാണ് എന്റെ വാദങ്ങളെ പാര്‍ട്ടി കാണുന്നത്. എന്നെ ചവിട്ടി പുറത്താക്കിയതുകൊണ്ട് ഞാന്‍ പുറത്തുപോകില്ല. ഞാന്‍ കാവല്‍ക്കാരനായി റോഡില്‍ സുരക്ഷാ ഉദ്യോഗസ്ഥനായി നില്‍ക്കും. ഞാന്‍ നിര്‍ത്തില്ല പറഞ്ഞുകൊണ്ടിരിക്കും. കോക്കസിലില്ലാത്തവര്‍ എനിക്കൊപ്പം നില്‍ക്കും.’- അന്‍വര്‍ പറഞ്ഞു.

‘രാഷ്ട്രീയ നേതൃത്വത്തിലെ കൊള്ളരുതായ്മകള്‍ക്കെതിരെയാണു സംസാരിക്കുന്നത്. എല്ലാവര്‍ക്കുമെതിരെ സംസാരിക്കും. ജനങ്ങള്‍ എവിടെ നില്‍ക്കുന്നു എന്നറിയാനാണ് ഞാന്‍ ശ്രമിക്കുന്നത്. ജനം പിന്തുണച്ചാല്‍ പുതിയ പാര്‍ട്ടിയെക്കുറിച്ച് ആലോചിക്കും. എനിക്കെതിരായ നേതൃത്വത്തിന്റെ നിലപാട് ജനങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ട്. കപ്പല്‍ ഒന്നായി മുങ്ങാന്‍ പോവുകയാണ്. കപ്പല്‍ ദുര്‍ബലമായി തുടങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കിപ്പിക്കാനാണ് ഞാന്‍ ശ്രമിച്ചത്. ആ എന്നെ കപ്പലുമുക്കാന്‍ വന്നവന്‍ എന്ന രീതിയിലാണ് കണ്ടത്. ജീപ്പില്‍ മൈക്കും കെട്ടിയിറങ്ങി ജനങ്ങളോട് എല്ലാം വിളിച്ചുപറയും. പൂരം കലക്കിയതില്‍ എന്ത് അന്വേഷണമാണ് നടക്കുന്നത്. എല്ലാം പ്രഹസനമാണ്. മാധ്യമങ്ങള്‍ അതിന് പുറകെ പോയി സമയം കളയരുത്. എനിക്കെതിരെ മൂര്‍ദാബാദ് വിളിച്ചവര്‍ സത്യം മനസ്സിലാക്കി സിന്താബാദ് വിളിച്ചു. തീപ്പന്തം പോലെ കത്തിജ്വലിക്കും. പി ശശിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ കത്ത് നാളെ പുറത്തുവിടും.’- പി വി അന്‍വര്‍ തുറന്നടിച്ചു.



Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!