സൗത്ത് പാമ്പാടിയിലും പെരുമ്പാമ്പ് ശല്യം… പിടികൂടിയത് 15 കിലോ തൂക്കമുള്ളത്

പാമ്പാടി : സൗത്ത് പാമ്പാടിയിലും പെരുമ്പാമ്പ് ശല്യം . കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടുകൂടിയാണ് വത്തിക്കാനടുത്ത് മുത്തോലി ഭാഗത്ത് കാക്കനാട്ട് കെ.എം ജോസഫിന്റെ വീട്ടുമുറ്റത്ത് നിന്നും  ഏഴ് അടിയോളം നീളവും 15 കിലോയോളം തൂക്കവുമുള്ള പെരുമ്പാമ്പിനെ ഫോറസ്റ്റ് റെസ്ക്യൂ  സർപ്പ ടീം മെമ്പർ ആയ  വാഴൂർ സ്വദേശി അതുൽ കർണ്ണൻ പിടികൂടിയത്.

ഒരു വർഷം മുൻപ് മുത്തോലി കുടിവെള്ള പദ്ധതിയുടെ തടയണയ്ക്കുള്ളിൽ  പെരുമ്പാമ്പിനെ കണ്ടിരുന്നു. 2008 ലെ വെള്ളപ്പൊക്കത്തിൽ  ഇതിനടുത്ത് മൂരിപ്പാറ ഭാഗത്തുനിന്നും വത്തിക്കാൻ തോട്ടിൽ കൂടി  ഒഴുകിവന്ന പെരുമ്പാമ്പിനെ അന്ന്‌ ഗ്രാമപഞ്ചായത്ത് മെമ്പർ ആയിരുന്ന സിജു കെ ഐസക്ക്‌ പിടികൂടി പാമ്പാടി പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും വനം വകുപ്പിന് കൈമാറുകയും ചെയ്തിരുന്നു.

വിദേശത്ത് ആയിരിക്കുന്ന  ഉടമകളുടെ സ്ഥലങ്ങളിൽ പലതും വനതുല്യമായിരിക്കുന്നതാണ് ഈ പ്രദേശത്ത് കുറുനരികളും, കാട്ടുപന്നികളും, കുരങ്ങും വിഹരിക്കുവാൻ കാരണമായിരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. രണ്ടു വർഷങ്ങൾക്കു മുൻപ് കഴിഞ്ഞ ദിവസം പെരുമ്പാമ്പിനെ പിടി കൂടിയതിനടുത്തുള്ള രണ്ടുപേർക്ക് കുറുനരിയുടെ കടിയേറ്റിരുന്നു.

വനംവകുപ്പ് അധികാരികളുടെയും ഗ്രാമപഞ്ചായത്ത് അധികാരികളുടെയും സത്വര ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും നാട്ടിലില്ലാത്ത സ്ഥലം ഉടമകളുടെ നാട്ടിലുള്ള ബന്ധുക്കളോ, ഈ സ്ഥലങ്ങളുടെ നടത്തിപ്പുകാരോ മുഖേന ഭൂ ഉടമകൾക്ക് നോട്ടീസ് നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!