ന്യൂഡൽഹി : രാജി പ്രഖ്യാപനം ഉടനെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തില്‍ പ്രതികരണവുമായി ബിജെപി. കെജ്രിവാളിന്റെ രാജി പ്രഖ്യാപനം നാടകമാണെന്നാണ് ബിജെപിയുടെ ആരോപണം.
രാജി പ്രഖ്യാപിക്കാന്‍ രണ്ട് ദിവസം കാത്തിരിക്കുന്നത് എന്തിനാണെന്നും ഇന്ന് തന്നെ രാജി വച്ചൂടെയുമെന്നാണ് ബിജെപിയുടെ പരിഹാസം. കെജ്രിവാളിന് ഉപാധികളോടെ മാത്രമാണ് ജാമ്യം ലഭിച്ചതെന്നും മദ്യനയ അഴിമതിയില്‍ കോടതി കെജ്രിവാളിനെ വെറുതെവിടാത്തതിനാലാണ് കെജ്രിവാള്‍ ഇപ്പോള്‍ ഈ വികാരനിര്‍ഭര നാടകം കളിക്കുന്നതെന്നും ബിജെപി ദേശീയ വക്താവ് ഷെസാദ് പൂനെവാല പറഞ്ഞു.
രാജി തീരുമാനം കെജ്രിവാളിന് മുന്‍പേ എടുക്കാമായിരുന്നെന്ന് ബിജെപി നേതാവ് ഹരിഷ് ഖുരാന പറഞ്ഞു. സെക്രട്ടറിയേറ്റില്‍ ഇരിക്കാന്‍ പറ്റാതെ, ഫയലുകളില്‍ ഒപ്പിടാന്‍ ബുദ്ധിമുട്ടി എന്തിനായിരുന്നു കെജ്രിവാള്‍ മുഖ്യമന്ത്രിയായി തുടരുന്നതെന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ തന്നെ ചോദിച്ചിരുന്നു.
ഇത് മുന്‍പേ കെജ്രിവാളിന് ആകാമായിരുന്നു. ഹരിഷ് പറഞ്ഞു. 48 മണിക്കൂറുകള്‍ കൂടി കാത്തിരിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ഇന്ന് തന്നെ രാജിവച്ചൂടേയെന്നും ഹരിഷ് ചോദിച്ചു
