രാജ്ഗഢ്: ബലാത്സംഗക്കേസില്‍ പ്രതിയാക്കപ്പെട്ടതിന് പിന്നാലെ അധികൃതര്‍ ഇടപെട്ട് വീടുള്‍പ്പെടെ പൊളിച്ച വ്യക്തിയെ കുറ്റവിമുക്തനാക്കി കോടതി. മധ്യപ്രദേശിലെ രാജ്ഗഢ് സ്വദേശിയും മുന്‍ വാര്‍ഡ് കൗസിലറുമായ ഷഫീക് അന്‍സാരി എന്നയാളെയാണ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി കുറ്റവിമുക്തനാക്കിയത്. അന്‍സാരിക്കെതിരായ പരാതി കെട്ടിചമച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്ഗഢ് അഡീഷണല്‍ സെഷന്‍സ് ജഡ്ജിന്റെ ഉത്തരവ്. അന്‍സാരിയോടുള്ള മുന്‍ വൈരാഗ്യത്തിന്റെ പേരിലാണ് പരാതി നല്‍കിയതെന്ന് വിലയിരുത്തുന്നതായും കോടതി വ്യക്തമാക്കി.
കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതിയുടെ വീട് ഇടിച്ചു നിരത്തിയ നടപടിയാണ് കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ചയാകുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ബുള്‍ഡോസര്‍ രാജ് നേരത്തെ തന്നെ വ്യാപമായി വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.
അന്‍സാരിയെ കേസില്‍ പ്രതിചേര്‍ത്തതിന്റെ പത്താം നാളിലാണ് അനധികൃത നിര്‍മാണം എന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ അദ്ദേഹത്തിന്റെ വീട് ഇടിച്ചു നിരത്തിയത്. ഒരു ദിവസം രാവിലെ ഏഴ് മണിയോടെ എത്തിയ ഉദ്യോഗസ്ഥ സംഘം ഉടന്‍ നടപടിയെടുക്കുകയായിരുന്നു. തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള സമയം പോലും നല്‍കിയില്ലെന്നും അദ്ദേഹം പറയുന്നു. നിലവില്‍ സഹോദരന്റെ വീട്ടിലാണ് അന്‍സാരിയും കുടുംബവും കഴിയുന്നത്. അതേസമയം, ലഹരി അന്‍സാരിയും അയല്‍ വാസികളും നല്‍കിയ പരാതിയുടെ പേരില്‍ ഉണ്ടായ നടപടിയുടെ പ്രതികാരമാണ് ബലാത്സംഗ ആരോപണം എന്നാണ് ഉയരുന്ന ആക്ഷേപം.