ഭാര്യ ഉള്‍പ്പെടെ 42 സ്ത്രീകളെ കൊന്നു, മൃതദേഹങ്ങള്‍ വെട്ടിനുറുക്കി ചാക്കിലാക്കി; ‘രക്തരക്ഷസ്സ്’ പിടിയില്‍

നെയ്‌റോബി : കെനിയയില്‍ ഭാര്യ ഉള്‍പ്പെടെ 42 സ്ത്രീകളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. സ്ത്രീകളില്‍ പലരുടെയും മൃതദേഹങ്ങള്‍ വികൃതമാക്കിയ നിലയിലാണ്. ശരീരഭാഗങ്ങള്‍ ചാക്കില്‍ നിറച്ച് സ്‌ക്രാപ് യാര്‍ഡിലാണ് തള്ളിയിരുന്നത്. സംശയം തോന്നി പ്രതിയുടെ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ വെട്ടുകത്തി ഉള്‍പ്പെടെ പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു.

33 കാരനായ കോളിന്‍സ് ജുമൈസി ഖലുഷയാണ് പിടിയിലായത്. ഇയാളുടെ കൊടുംക്രൂരത തിരിച്ചറിഞ്ഞ് പ്രതിക്ക് രക്തരക്ഷസ്സ് എന്ന പേരാണ് നല്‍കിയിരിക്കുന്നത്. മനുഷ്യജീവന് യാതൊരുവിലയും കല്‍പ്പിക്കാത്ത പ്രതി ഒരു സൈക്കോപാത്ത് സീരിയല്‍ കില്ലറാണ് എന്ന് പൊലീസ് പറയുന്നു.

നെയ്റോബിയിലെ മുകുരു ചേരിയില്‍ മാലിന്യം നിക്ഷേപിക്കാന്‍ ഉപയോഗിച്ചിരുന്ന ക്വാറിയില്‍ ഒമ്പത് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതാണ് കേസില്‍ നിര്‍ണായകമായത്. ഈ ക്വാറിക്ക് സമീപത്തായി താമസിച്ചിരുന്ന പ്രതി സ്ത്രീകളെ പ്രലോഭിപ്പിച്ച് സ്വന്തം സ്ഥലത്തേയ്ക്ക് കൊണ്ടുവന്ന ശേഷം ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു വെന്നും പൊലീസ് പറയുന്നു.

ഭാര്യയുടേത് ഉള്‍പ്പെടെയുള്ള കൊലപാതകങ്ങള്‍ നടത്തിയതായി കോളിന്‍സ് സമ്മതിച്ചതായി പ്രോസിക്യൂട്ടര്‍മാര്‍ സ്ഥിരീകരിച്ചു. രണ്ടുവര്‍ഷത്തിനിടയിലാണ് കൊലപാതകങ്ങള്‍ നടന്നത്. കോളിന്‍സിന്റെ വസതിയില്‍ നിന്ന് നിരവധി മൊബൈല്‍ ഫോണുകള്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍, മൃതദേഹം പൊതിയാന്‍ ഉപയോഗിച്ചതിന് സമാനമായ നൈലോണ്‍ ചാക്കുകള്‍ എന്നിവ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.

സ്ത്രീകളില്‍ ജോസഫിന്‍ ഒവിനോ എന്ന 26കാരിയും ഉള്‍പ്പെടുന്നു. ഒരു ദിവസം രാവിലെ ഒരു ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്ന് ഒവിനോ അപ്രത്യക്ഷയാവുകയായിരുന്നു. സഹോദരി ഒവിനോയെ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഒടുവില്‍ മാലിന്യം തള്ളുന്ന സ്ഥലത്ത് എത്തി, സംശയം തോന്നി അവിടെ പരിശോധിക്കാന്‍ ജീവനക്കാരെ പ്രേരിപ്പിച്ചു. പരിശോധനയിലാണ് വികൃതമായനിലയില്‍ അവശിഷ്ടങ്ങള്‍ അടങ്ങിയ ചാക്കുകള്‍ കണ്ടെത്തിയത്.  ഫോറന്‍സിക് പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഒരു സ്ത്രീയെ കഴുത്ത് ഞെരിച്ച് ആണ് കൊലപ്പെടുത്തിയത്. ഡിഎന്‍എ പരിശോധനയില്‍ രണ്ട് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ മറ്റു പലതും ജീര്‍ണിച്ചതിനാല്‍ തിരിച്ചറിയാനാകാത്ത അവസ്ഥയിലാണെന്നും പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!