പാരീസ് : പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ വെള്ളി മെഡൽ. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജാവലിൻ ത്രോ മത്സരത്തിൽ വെള്ളി മെഡൽ ആണ് ഇന്ത്യക്ക് നേടാൻ കഴിഞ്ഞത്. ഇന്ത്യയുടെ സ്വപ്ന താരം നീരജ് ചോപ്രയ്ക്ക് നിർഭാഗ്യം നിറഞ്ഞ ഫൈനൽ മത്സരത്തിൽ രണ്ടാം സ്ഥാനം മാത്രമാണ് നേടാൻ കഴിഞ്ഞത്. കടുത്ത പോരാട്ടം കാഴ്ചവച്ച ഫൈനൽ മത്സരത്തിൽ പാകിസ്താൻ താരം അർഷാദ് നദീം ആണ് സ്വർണം നേടിയത്. 92.97 മീറ്റർ ദൂരം എന്ന ഒളിമ്പിക് റെക്കോർഡ് എറിഞ്ഞാണ് അർഷാദ് നദീം സ്വർണ മെഡൽ നേടിയത്.
ഫൈനൽ മത്സരത്തിൽ നീരജ് ചോപ്ര അഞ്ച് ഫൗളുകൾ ആയിരുന്നു എറിഞ്ഞത്. നീരജിന്റെ ആദ്യ ശ്രമം തന്നെ ഫൗൾ ആയി മാറുകയായിരുന്നു. രണ്ടാം ശ്രമത്തിൽ 89.45 മീറ്റർ ദൂരമാണ് നീരജ് എറിഞ്ഞത്. ഈ സീസണിലെ നീരജ് ചോപ്രയുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്. നീരജിന്റെ മൂന്നാം ശ്രമവും നാലാം ശ്രമവും അഞ്ചാം ശ്രമവും അവസാന ശ്രമവും ഫൗൾ ആയതാണ് മത്സരത്തിൽ ഏറെ നിരാശപ്പെടുത്തിയത്.
ജാവലിൻ ത്രോയിൽ ലോകത്തിലെ ഏറ്റവും മികച്ച 12 താരങ്ങൾ മാറ്റുരച്ച ഫൈനലിൽ ആണ് നീരജ് ചോപ്ര ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് എന്നതിനാൽ വെള്ളിനേട്ടവും ഒട്ടും ചെറുതായി കാണാൻ കഴിയില്ല. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ നിലവിലെ ലോക ചാമ്പ്യനായിരുന്നു ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ നീരജ് ചോപ്ര.