കൊച്ചി : ലുലു ഗ്രൂപ്പ് കോഴിക്കോട് ആരംഭിക്കുന്ന മാളിന്റെ പ്രവർത്തനം അന്തിമ ഘട്ടത്തിലേക്ക്. കോട്ടയത്തും പുതിയ മാളിന്റെ പ്രവർത്തികള്‍ നടക്കുന്നുണ്ടെങ്കിലും ആദ്യം തുറക്കുക കോഴിക്കോട്ടെ മാളായിരിക്കുമെന്നാണ് ലുലു ഗ്രൂപ്പ് ഔദ്യോഗികമായി തന്നെ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലിലൂടെ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
“എല്ലാ ബ്രാൻഡുകളും ഇതിനോടകം തന്നെ കോഴിക്കോട് ലുലു മാളിലേക്ക് എത്തിയിട്ടുണ്ടെന്ന് അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അവസാനഘട്ട മിനുക്ക് പണികള്‍ അതിവേഗം പുരോഗമിക്കുകയാണ്. സ്ഥാപനം ഉടന്‍ തന്നെ തുറന്ന് പ്രവർത്തനം ആരംഭിക്കും” ലുലു മാള്‍സ് ഇന്ത്യ ലിങ്ക്ഡ്‌ഇൻ പോസ്റ്റിലൂടെ വ്യക്തമാക്കി.
“കോഴിക്കോട് മാങ്കാവില്‍ സ്ഥിതി ചെയ്യുന്ന ഈ മാള്‍ 3.5 ലക്ഷം ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്നു, മൂന്ന് നിലകളിലായി ഷോപ്പിംഗ് സൗകര്യമുണ്ട്. ഇതില്‍ 1.5 ലക്ഷം ചതുരശ്ര അടി ലുലു ഹൈപ്പർ മാർക്കറ്റായിരിക്കും. 16 വൈവിധ്യമാർന്ന ബ്രാൻഡുകളുള്ള 400 പേർക്ക് ഇരിക്കാവുന്ന ഫുഡ് കോർട്ട്, പാൻ ഏഷ്യൻ റെസ്റ്റോറൻ്റ്, കുട്ടികള്‍ക്കുള്ള ഗെയിമിംഗ് ഏരിയ എന്നിവയും കോഴിക്കോട് ലുലു മാളില്‍ ഉള്‍പ്പെടുന്നു. ലുലു മാള്‍ കോഴിക്കോട്ടെ ഗംഭീരമായ ഉദ്ഘാടനത്തിനായി കാത്തിരിക്കുക, സമാനതകളില്ലാത്ത ഷോപ്പിംഗ് അനുഭവിക്കുക.” എന്നും ലുലു കുറിച്ചു.
കേരളത്തില്‍ അടുത്ത ലുലു മാള്‍ തുറക്കുന്നത് കോഴിക്കോട് ആയിരിക്കുമെന്ന് പാലക്കാട്ടെ ലുലു മാള്‍ ഉദ്ഘാടന വേളയില്‍ എം എ യൂസഫ് അലി വ്യക്തമാക്കിയിരുന്നു. നേരത്തെ ഹോട്ടലും കണ്‍വെന്‍ഷന്‍ സെന്ററും ചേര്‍ന്നുള്ള പദ്ധതിയായിരുന്നു കോഴിക്കോട്ടുണ്ടായിരുന്നതെങ്കിലും 2021 ല്‍ ഇത് ലുലു മാള്‍ എന്നതിലേക്ക് മാറ്റുകയായിരുന്നു. മാളുകള്‍ കൂടാതെ കേരളത്തില്‍ ആറ് പുതിയ റീറ്റെയ്ല്‍ സെന്ററുകൾക്കും ലുലു പദ്ധതിയിട്ടിട്ടുണ്ട്.
കോഴിക്കോടിന് പുറമെ കോട്ടയത്തെ ലുലു മാളിന്റെ പ്രവർത്തനവും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കോട്ടയത്തെ നിർമ്മാണ പ്രവർത്തനങ്ങളും അന്തിമഘട്ടത്തിലാണ്. ഇവിടേക്കുള്ള ജീവനക്കാരുടെ റിക്രൂട്ട്മെന്റും ആരംഭിച്ചിരുന്നു. ഇവിടങ്ങളില്‍ മാത്രമല്ല തൃശൂർ, പെരിന്തല്‍മണ്ണ, തിരൂർ ഉള്‍പ്പെടെ 8 സ്ഥലങ്ങളില്‍ പുതിയ മാളുകളും ഹൈപ്പർമാർക്കറ്റുകളും ഉടൻ ആരംഭിക്കും. കൊച്ചിയിലും തിരുവനന്തപുരത്തും നേരത്തെ തന്നെ ലുലു മാള്‍ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്.