പുലര്‍ച്ചെ പുഴയില്‍ ഒഴുകിയെത്തിയത് ജീവനറ്റ ശരീരങ്ങള്‍; വിറങ്ങലിച്ച് ചാലിയാറിന്റെ തീരത്തുള്ളവര്‍

മലപ്പുറം: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചാലിയാറിന്റെ തീരത്ത് മൃതദേഹങ്ങള്‍ ഒഴുകിയെത്തി. നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് പുഴയില്‍ പലയിടങ്ങളില്‍ നിന്നായി 19 ഓളം പേരുടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തി. ഇരുട്ടുകുത്തി ഭാഗത്തുനിന്ന് പുഴയില്‍നിന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മുണ്ടക്കൈയില്‍ നിന്ന് പുഴ ഒഴുകിയെത്തുന്നത് ചാലിയാറിലാണ്.

രാവിലെ പുഴയുടെ പലയിടങ്ങളിലും വേറെയും സ്ഥലത്ത് ശരീരഭാഗങ്ങള്‍ കണ്ടെത്തിയതായി നാട്ടുകാര്‍ പറയുന്നു. ഒരു കുട്ടിയുടേത് ഉള്‍പ്പെടെ ആറുപേരുടെ മൃതദേഹം രാവിലെ തന്നെ കണ്ടെടുത്തു. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഒലിച്ചു വന്നതാണെന്നാണ് നിലവിലെ നിഗമനം. വയനാടിന്റെ അതിര്‍ത്തി മേഖലയാണ് പോത്തുകല്‍.

ചാലിയാര്‍ വനത്തിലൂടെ ശക്തമായ ഒഴുക്കില്‍ മൃതശരീരങ്ങള്‍ പോത്തുകല്‍ മേഖലയിലെത്തിയതെന്ന് സംശയിക്കുന്നു. വെള്ളിലമ്പാറ കോളനിയില്‍ നിന്നാണ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഭൂതാനം മച്ചിക്കൈയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. വെള്ളിലമാട് നിന്ന് മൃതദേഹഭാഗം ലഭിച്ചു. കുനിപ്പാറയില്‍ മൂന്ന് വയസ് പ്രായം തോന്നിക്കുന്ന ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.

രാത്രിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈ എന്ന ഗ്രാമത്തെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്ന പാലം പൂര്‍ണമായും തകര്‍ന്നതോടെ ഗ്രാമത്തിലെത്തിപ്പെടുന്നത് ഇപ്പോഴും വെല്ലുവിളിയായി തുടരുന്നു. ഇതിനൊപ്പം മലവെള്ളപ്പാച്ചിലും മഴയും തുടരുന്നതും രക്ഷാദൗത്യം ദുഷ്‌കരമാക്കുന്നു. ഒട്ടേറെ കുടുംബങ്ങള്‍ ഇവിടെ കുടുങ്ങികിടക്കുന്നുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ പോലും കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഇതിനിടെ, വനത്തിനുള്ളിലൂടെ പ്രവേശിച്ച് മുണ്ടക്കൈയിലേക്ക് എത്താന്‍ കഴിയുമോയെന്നും രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!