അഞ്ച് മിനിറ്റ് വൈകിയതിന് മൂന്നാം ക്ലാസുകാരിയെ അര മണിക്കൂർ വെയിലത്ത് നിർത്തി; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

പാലക്കാട് : സ്കൂളിലെത്താൻ അഞ്ച് മിനിറ്റ് വൈകിയതിന് മൂന്നാം ക്ലാസുകാരിയെ അര മണിക്കൂർ ഗേറ്റിന് പുറത്ത് നിർത്തിയതായി പരാതി. പാലക്കാട് ലയൺസ് സ്കൂളിലെ വിദ്യാർഥിനിക്കാണ് ദുരവസ്ഥയുണ്ടായത്. ഒരു മാസം മുൻപാണ് സംഭവം. 8.20 ആണ് ഇവിടെ ക്ലാസ് ആരംഭിക്കുന്നത്. പാലക്കാട് സ്വദേശി വിനോദിന്റെ മൂന്നാം ക്ലാസിൽ പഠിക്കുന്ന മകൾ അന്നേ ദിവസം സ്കൂളിൽ എത്താൻ അഞ്ച് മിനിറ്റ് വൈകി.

വൈകിയെത്തിയതിനെ തുടർന്ന് ഗേറ്റ് തുറക്കാൻ ജീവനക്കാർ തയ്യാറായില്ല. അര മണിക്കൂറോളം കുട്ടിയെ ഗേറ്റിന് പുറത്ത് നിര്‍ത്തി. ഗേറ്റ് തുറക്കാൻ വിനോദ് ആവശ്യപ്പെട്ടപ്പോൾ പ്രിൻസിപ്പലും അധ്യാപകരും അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സംഭവത്തെ തുടർന്ന് ഇതുവരെ വിദ്യാർഥിനി സ്കൂളിൽ പോയിട്ടില്ല. തനിക്ക് ആ സ്കൂളിൽ പോകേണ്ടെന്ന നിലപാടിലാണ് മകൾ. രക്ഷിതാവിന്റെ പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു.

അതേസമയം ഇത്തരം ശിക്ഷാരീതികൾ സ്കൂളിൽ പാടില്ലെന്ന് പ്രിൻസിപ്പലിന് കർശന നിർദേശം നൽകിയതായി മേനേജ്മെൻ്റ് വ്യക്തമാക്കി. എന്നാൽ സ്കൂളിൻറ ഭാഗത്ത് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് പ്രിൻസിപ്പാളിൻറെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!