സമ്പന്നരുടെ മേല്‍ അധിക നികുതി ചുമത്തുമോ?, സാധാരണക്കാര്‍ക്ക് ആശ്വാസമായി ഇളവ് ഉണ്ടാവുമോ?; ബജറ്റില്‍ പ്രതീക്ഷയോടെ രാജ്യം

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയില്‍ രാജ്യം. സാധാരണക്കാരും മാസ ശമ്പളക്കാരും അടങ്ങുന്ന മധ്യവര്‍ഗത്തിന് അനുകൂലമായി ആദായനികുതി ഘടനയില്‍ മാറ്റം വരുത്തി ഇളവ് പ്രഖ്യാപിക്കുമെന്നാണ് വിപണി വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. സമ്പന്നരുടെ മേല്‍ അധിക നികുതി ചുമത്തി കൂടുതല്‍ വിഭവ സമാഹരണത്തിന് മോദി സര്‍ക്കാര്‍ മുതിരുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ജി 20 ഉച്ചകോടിയില്‍ സമ്പന്നരുടെ മേല്‍ അധിക നികുതി ചുമത്തുന്നത് ചര്‍ച്ചയായിരുന്നു.

ധനമന്ത്രി നിര്‍മല സീതാരാമന്റെ മുന്‍ ബജറ്റുകള്‍ക്ക് സമാനമായി ഇത്തവണയും അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്കായിരിക്കും കൂടുതല്‍ ഊന്നല്‍ നല്‍കുക എന്നാണ് ഒരു പക്ഷം വാദിക്കുന്നത്. ഇതിനോടൊപ്പം ജനങ്ങള്‍ക്ക് ആശ്വാസം നല്‍കി സാമൂഹിക സുരക്ഷാ പദ്ധതികളും ബജറ്റില്‍ ഇടംനേടിയേക്കുമെന്നും അവര്‍ വാദിക്കുന്നു.

സ്വര്‍ണവിപണിക്ക് കരുത്തുപകരാന്‍ ഇറക്കുമതി ചുങ്കം 15 ശതമാനത്തില്‍ നിന്ന് 10 ശതമാനമാക്കി കുറയ്ക്കുമെന്ന് സ്വര്‍ണവ്യാപാരികള്‍ പ്രതീക്ഷിക്കുന്നു. ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഇടംനേടുമെന്നാണ് വ്യവസായ സമൂഹം പ്രതീക്ഷിക്കുന്നത്.

സുസ്ഥിര വികസനം സാധ്യമാക്കുന്നതിന് വേണ്ടി കൃഷി, പുനരുപയോഗിക്കാന്‍ കഴിയുന്ന ഊര്‍ജ്ജോല്‍പ്പാദന പദ്ധതികള്‍ എന്നിവയ്ക്ക് ബജറ്റില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചേക്കും. കൂടാതെ നൈപുണ്യ വികസനം, വിദ്യാഭ്യാസം, തുടങ്ങിയ മേഖലകളെ കാലത്തിന് അനുസൃതമായി പരിഷ്‌കരിക്കുന്നതിന് ആവശ്യമായ ധനസഹായവും ബജറ്റില്‍ പ്രതീക്ഷിക്കാമെന്നും വിപണി വിദഗ്ധര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!