ചണ്ഡിഗഡ്: വിവിധ സര്‍ക്കാര്‍ ജോലികളില്‍ അഗ്‌നിവീറുകള്‍ക്ക് 10 ശതമാനം സംവരണം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍. പൊലീസ് കോണ്‍സ്റ്റബിള്‍, വനംവകുപ്പ്, ഖനികളിലെ ഗാര്‍ഡ്, ജയില്‍ വാര്‍ഡന്‍, എസ്പിഒ തുടങ്ങിയ സര്‍ക്കാര്‍ ജോലികളിലേക്കാണ് അഗ്‌നിവീറുകള്‍ക്ക് സംവരണം നല്‍കുകയെന്ന് മുഖ്യമന്ത്രി നയബ് സിങ് സൈനി പറഞ്ഞു. അഞ്ചുലക്ഷം രൂപ വരെ പലിശരഹിതവായ്പയും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2022 ജൂണ്‍ 14-നാണ് കേന്ദ്രസര്‍ക്കാര്‍ അഗ്‌നിപഥ് പദ്ധതി നടപ്പാക്കിയത്. അഗ്‌നിവീറുകള്‍ നാലുവര്‍ഷമാണ് ഇന്ത്യന്‍ സൈന്യത്തിലുണ്ടാകുക. ‘ഹരിയാനയില്‍ ഞങ്ങളുടെ സര്‍ക്കാര്‍ അഗ്‌നിവീറുകള്‍ക്ക് സര്‍ക്കാര്‍ജോലികളില്‍ 10 ശതമാനം സംവരണം നല്‍കും. പോലീസ് കോണ്‍സ്റ്റബിള്‍, ഖനികളിലെ ഗാര്‍ഡ്, വനംവകുപ്പ് ഗാര്‍ഡ്, ജയില്‍വാര്‍ഡന്‍, എസ്.പി.ഒ. എന്നീ തസ്തികകളിലേക്ക് നേരിട്ടുള്ള റിക്രൂട്ട്മെന്റിലൂടെയാണ് അഗ്‌നിവീറുകളെ നിയമിക്കുക’, മുഖ്യമന്ത്രി നയബ് സിങ് സൈനി പറഞ്ഞു.
ഗ്രൂപ്പ് ബി, സി വിഭാഗത്തിലുള്ള സര്‍ക്കാര്‍ ജോലികളിലെ പ്രായപരിധിയില്‍ അഗ്‌നിവീറുകള്‍ക്ക് മൂന്നുവര്‍ഷം ഇളവുനല്‍കും. കൂടാതെ ഗ്രൂപ്പ് സി വിഭാഗത്തിലെ സിവില്‍ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനങ്ങളില്‍ അഞ്ച് ശതമാനം സംവരണവും ഗ്രൂപ്പ് ബി വിഭാഗത്തില്‍ ഒരുശതമാനം സംവരണവുമാണ് നല്‍കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിമാസം 30,000 രൂപയില്‍ കൂടുതല്‍ ശമ്പളത്തോടെ അഗ്‌നിവീറുകള്‍ക്ക് ജോലിനല്‍കുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രതിവര്‍ഷം 60,000 രൂപ സബ്സിഡി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.