ന്യൂഡല്‍ഹി : അടിയന്തരാവസ്ഥ തെറ്റായിപ്പോയെന്നും, ഇക്കാര്യം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അംഗീകരിച്ചതാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ജൂണ്‍ 25 ‘സംവിധാന്‍ ഹത്യ ദിവസ്’ ആയി ആചരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതികരണം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്കു നല്‍കിയ അഭിമുഖത്തിലാണ് ചിദംബരത്തിന്റെ പ്രസ്താവന.
എന്തുകൊണ്ടാണ് ബിജെപി 18-ാം നൂറ്റാണ്ടിലേക്കോ 17-ാം നൂറ്റാണ്ടിലേക്കോ മടങ്ങാത്തതെന്ന് പി ചിദംബരം ചോദിച്ചു. ഇന്ന് ജീവിക്കുന്ന ഇന്ത്യക്കാരില്‍ 75 ശതമാനവും 1975ന് ശേഷം ജനിച്ചവരാണ്. അടിയന്തരാവസ്ഥ ഒരു തെറ്റായിരുന്നു, അത് ഇന്ദിരാഗാന്ധി അംഗീകരിച്ചതാണ്. ഞങ്ങള്‍ ഭരണഘടന ഭേദഗതി ചെയ്തു. അടിയന്തരാവസ്ഥ അത്ര എളുപ്പത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും ചിദംബരം പറഞ്ഞു.
ഭൂതകാലത്തില്‍ നിന്ന് ഞങ്ങള്‍ പാഠങ്ങള്‍ പഠിച്ചു. 50 വര്‍ഷം കഴിഞ്ഞ് അടിയന്തരാവസ്ഥയുടെ അവകാശങ്ങളും തെറ്റുകളും ചര്‍ച്ച ചെയ്യുന്നതിന്റെ അര്‍ത്ഥമെന്താണ്?. പി ചിദംബരം ചോദിച്ചു. ജൂണ്‍ 25 സംവിധാന്‍ ഹത്യ ദിവസ് ആയി പ്രഖ്യാപിച്ചതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. മോദി ഭരിക്കുന്ന 10 വര്‍ഷവും കോണ്‍സ്റ്റിറ്റിയൂഷന്‍ മര്‍ഡര്‍ ദിവസ് ആണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
