ആമയിഴഞ്ചാനില്‍ ഇപ്പോള്‍ ചെയ്യുന്ന പണി നേരത്തേയാകാമായിരുന്നില്ലേ? സര്‍ക്കാര്‍ എന്ത് ചെയ്തു: വി ഡി സതീശന്‍

കൊച്ചി: ആമയിഴഞ്ചാനില്‍ ഇപ്പോള്‍ ചെയ്ത കാര്യങ്ങള്‍ നേരത്തെ ചെയ്യാമായിരുന്നുവെന്നും റെയില്‍വെയും കോര്‍പ്പറേഷനും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ സര്‍ക്കാര്‍ എന്താണ് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മഴക്കാല പൂര്‍വ ശുചീകരണം നടത്തിയോ എന്നും സതീശന്‍ ചോദിച്ചു.

ആമയിഴഞ്ചാന്‍ തോട്ടില്‍ ഇപ്പോ ചെയ്യുന്ന പണിയൊക്കെ നേരത്തേ ആവാമായിരുന്നല്ലോ. റെയില്‍വേയും കോര്‍പറേഷനും തമ്മില്‍ തര്‍ക്കമാണെന്ന്. എന്തിനാണ് പിന്നെ സര്‍ക്കാര്‍? മാര്‍ച്ച്, ഏപ്രില്‍ മാസത്തിലാണ് ശുചീകരണം നടത്തേണ്ടത്. പിന്നീട് മഴയാണ്. ഇതൊക്കെ നേരത്തേ ചെയ്യണ്ടേ. റെയില്‍വേ ചെയ്യേണ്ട പണി റെയില്‍വേ ചെയ്തില്ലെങ്കില്‍ ആര് ചോദിക്കണം? സര്‍ക്കാര്‍ ചോദിക്കണം. അതുണ്ടായോ? യോഗം വിളിച്ചാല്‍ ശുചീകരണം ആകുമോ? യോഗങ്ങളൊക്കെ ഒരുപാട് നടക്കുന്നുണ്ട്. പക്ഷേ നടപടിയൊന്നും ഉണ്ടാകുന്നില്ലെന്ന് മാത്രം.

ആമയിഴഞ്ചാന്‍ തോട്ടിലേക്ക് വരുന്നത് മുഴുവന്‍ തിരുവനന്തപുരം നഗരത്തിലെ സകല മാലിന്യങ്ങളുമാണ്. റെയില്‍വേയുടെ സ്ഥലത്തെ മാത്രമല്ല, ഒരു സ്ഥലത്തും മാലിന്യം വൃത്തിയാക്കിയിട്ടില്ല എന്നതാണ് സത്യം. കേരളത്തില്‍ തിരുവനന്തപുരത്ത് മാത്രമല്ല, ഒരു സ്ഥലത്തും മഴക്കാലപൂര്‍വ ശുചീകരണം നടന്നിട്ടില്ല. ഒരു നടപടികളും അതിന് സ്വീകരിച്ചിട്ടുമില്ല. പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കാനുള്ള പ്രധാന കാരണം മാലിന്യമാണെന്ന് ഞങ്ങള്‍ നിയമസഭയില്‍ പറഞ്ഞപ്പോള്‍ ഞങ്ങളെ പരിഹസിക്കുകയായിരുന്നു ഭരണപക്ഷമെന്നും സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!