മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിൽ വീണ് കാട്ടാന; ഒഴുക്കിൽപ്പെട്ട് ഗ്രില്ലിൽ ഇടിച്ചു നിന്നു…

കുമളി : മുല്ലപ്പെരിയാർ അണക്കെട്ടില്‍നിന്ന് തമിഴ് നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലില്‍ കാട്ടാന വീണു. പെരിയാർ കടുവ സങ്കേതത്തില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കനാലിലൂടെ ഒഴുകിനീങ്ങിയ ആന അണക്കെട്ടിന്റെ ഷട്ടറില്‍നിന്ന് 100 മീറ്ററോളം അകലെയുള്ള ഗ്രില്ലില്‍ തങ്ങി നിന്നു. വനപാലകരാണ് ആന ഗ്രില്ലില്‍ തങ്ങിനില്‍ക്കുന്നതായി ആദ്യം കണ്ടത്.

കനാലില്‍ നീരൊഴുക്ക് ശക്തമായതിനാല്‍ ആനയ്ക്ക് കരയ്ക്ക് കയറാൻ സാധിച്ചില്ല. സെക്കൻഡില്‍ 120 ഘനയടി വെള്ളമാണ് നിലവില്‍ ഈ കനാലിലൂടെ തമിഴ്നാട് കൊണ്ടുപോകുന്നത്. ആന കനാലിലെ വെള്ളത്തില്‍ ഗ്രില്ലില്‍ തങ്ങിനില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടർന്ന് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതോടെ കാട്ടാന നീന്തി കരയ്ക്കുകയറി രക്ഷപ്പെടുകയായിരുന്നു.

ആന തങ്ങി നിന്ന ഗ്രില്ലിന് ശേഷം തുരങ്കത്തിലൂടെയാണ് വെള്ളം തമിഴ്നാട്ടിലേക്ക് പോകുന്നത്. കേരള അതിർത്തി അവസാനിക്കുന്നതുവരെ തുരങ്കത്തിന് ദൈർഘ്യമുണ്ട്. കഴിഞ്ഞരാത്രിയില്‍ പ്രദേശത്തുണ്ടായിരുന്ന പിടിയാനയാണ് കനാലില്‍ വീണത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!