മുംബൈ: പാരിസ് ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ അത്‌ലറ്റിക്‌സ് സംഘത്തെ ജാവലിന്‍ ത്രോ സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര നയിക്കും. 28 അംഗ അത്‌ലറ്റിക്‌സ് സംഘമാണ് പാരിസില്‍ ഇന്ത്യക്കായി മത്സരിക്കാനിറങ്ങുന്നത്. 17 പുരുഷ താരങ്ങളും 11 വനിതാ താരങ്ങളുമാണ് ടീമിലുള്ളത്.
ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന മലയാളി ലോങ് ജംപ് താരം ശ്രീശങ്കര്‍ പരിക്കേറ്റ് ഒളിംപിക്‌സില്‍ നിന്നു പിന്‍മാറിയിരുന്നു. താരത്തിന്റെ പകരക്കാരനായി ജെസ്‌വില്‍ ആല്‍ഡ്രിന്‍ ഇന്ത്യന്‍ ടീമിലെത്തും.
ടോക്യോ ഒളിംപിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി ചരിത്രമെഴുതിയ താരമാണ് നീരജ്. നിലവിലെ ലോക ചാമ്പ്യന്‍ കൂടിയായ നീരജ് ഈയടുത്ത് പാരിസില്‍ നടക്കാനിരിക്കുന്ന ഡയമണ്ട് ലീഗില്‍ നിന്നു പിന്‍മാറിയിരുന്നു. പേശി വലിവിനെ തുടര്‍ന്നാണ് ഒളിംപിക്‌സ് മുന്നില്‍ കണ്ടുള്ള പിന്‍മാറ്റം.
