പെരിയാറില്‍ മാലിന്യം ഒഴുക്കിയ കമ്പനിക്കെതിരെ കേസെടുത്തു. എടയാര്‍ സി.ജി ലൂബ്രിക്കന്റ് എന്ന കമ്പനിക്കെതിരെയാണു ബിനാനിപുരം പൊലീസ് കേസെടുത്തത്. പ്രദേശവാസിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ ബഷീര്‍ നല്‍കിയ പരാതിയിലാണ് നടപടി .
പൊതു സ്ഥലത്ത് മാലിന്യം ഒഴുക്കിയതിനാണ് കേസ്. ജീവന് ഹാനികരമാകുന്ന രീതിയിൽ അണുബാധ പടർത്താൻ ശ്രമിക്കുക, പൊതു ജലസ്രോതസ് മലിനമാക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കമ്പനിക്കെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി മഴയ്‌ക്കിടെയാണ് സ്വകാര്യ കമ്പനി പെരിയാറിലേക്ക് മാലിന്യം ഒഴുക്കിയതായി നാട്ടുകാർ ആരോപിക്കുന്നത്. മഴവെള്ളം ഒഴുകി പോകാനുള്ള പൈപ്പിലൂടെ മാലിന്യം പുറന്തള്ളുന്നത് നേരിൽ കണ്ടെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പെരിയാർ മലിനീകരണ വിരുദ്ധ സമിതി പ്രവർത്തകരും മലിനീകരണ നിയന്ത്രണ ബോർഡിനെ സമീപിച്ചിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.