തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾക്ക് കേന്ദ്രം നിർദേശിച്ച പേര് നൽകില്ലെന്ന നിലപാടിൽ നിന്നും മലക്കം മറിഞ്ഞ് ആരോഗ്യ വകുപ്പ്. കേന്ദ്ര നിർദേശത്തിന് വഴങ്ങി, സർക്കാർ ആശുപത്രികൾക്ക് ‘ആയുഷ്മാൻ ആരോഗ്യ മന്ദിർ‘ എന്ന പേര് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് ഉത്തരവിറക്കി.
സബ് സെന്ററുകൾ, ഫാമിലി ഹെൽത്ത് സെന്ററുകൾ, പ്രൈമറി ഹെൽത്ത് സെന്ററുകൾ, അർബൻ ഫാമിലി ഹെൽത്ത് സെന്ററുകൾ, അർബൻ പബ്ലിക് ഹെൽത്ത് സെന്ററുകൾ എന്നിവ ഇനി ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ ആയി മാറും. മലയാളത്തിലും ഇംഗ്ലീഷിലും ഈ പേരുകൾ എഴുതണം എന്ന കേന്ദ്ര നിർദേശവും സംസ്ഥാനം അനുസരിക്കും
കേന്ദ്ര നിർദേശ പ്രകാരം സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പേര് മാറ്റില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നേരത്തേ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര നിർദേശം കേരളത്തിന്റെ പാരമ്പര്യത്തിന് എതിരാണെന്നായിരുന്നു സംസ്ഥാനത്തിന്റെ നിലപാട്. എന്ത് വന്നാലും പേര് മാറ്റില്ലെന്നായിരുന്നു നവകേരള സദസ്സിനിടെ ആരോഗ്യ മന്ത്രി വീണ ജോർജ്ജിന്റെ പ്രഖ്യാപനം. ഇതാണ് സംസ്ഥാനം ഇപ്പോൾ തിരുത്താൻ തയ്യാറായിരിക്കുന്നത്.