ക്വാറിയുടമയുടെ കൊലപാതകം; ഒരാൾ കൂടി പിടിയിൽ, ഒളിവിലുള്ള മുഖ്യപ്രതിക്കായി തിരച്ചിൽ ഊർജിതം

തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറിയുടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. ഒളിവിലുള്ള മുഖ്യപ്രതി സുനിലിന്‍റെ സുഹൃത്ത് പൂങ്കുളം സ്വദേശി പ്രദീപ് ചന്ദ്രനെയാണ് തമിഴ്നാട് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ നേരത്തെ പിടിയിലായ അമ്പിളി (സജികുമാർ 55) യെ കളിയിക്കാവിളയിൽ കൊണ്ടുവിട്ടത് ഇരുവരും ചേർന്നാണെന്നു പൊലീസ് വ്യക്തമാക്കി. ഒളിവിൽ പോകുന്നതിനു മുൻപായി പാറശാല സ്വദേശിയായ സുനിൽ പ്രദീപിനെ ഫോൺ ചെയ്തിരുന്നു.

കസ്റ്റഡിയിൽ എടുത്ത പ്രദീപിനെ തമിഴ്നാട് പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ആശുപത്രി ഉപകരണങ്ങളുടെ വിതരണക്കാരനായ സുനിൽ കേരളത്തിൽ തന്നെ ഉണ്ടെന്നാണ് വിവരം. ഇയാൾ മൊബൈൽ ഫോൺ പാറശാലയിലെ വീട്ടിൽ വച്ച ശേഷമാണ് കടന്നു കളഞ്ഞത്. അമ്പിളിക്ക് കൊലപാതകം നടത്താനുള്ള ആയുധം നൽകിയത് സുനിലാണ്.

അതിനിടെ മരിച്ച ദീപുവിന്റെ വാഹനത്തിലുണ്ടായിരുന്ന പണത്തിൽ നിന്നു ഏഴര ലക്ഷം രൂപ തമിഴ്നാട് പൊലീസ് കണ്ടെടുത്തു. നേരത്തെ പിടിയിലായ അമ്പിളിയെ മാർത്താണ്ഡം കോടതി റിമാൻഡ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും.

കഴിഞ്ഞദിവസമാണ് മലയൻകീഴ് സ്വദേശി ദീപുവിനെ (44) കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ട കാറിൽ നിന്ന് ഒരാൾ ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കന്യാകുമാരി എസ്പി സുന്ദര വദനത്തിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ ടീം അംഗങ്ങൾ നടത്തിയ അന്വേഷണത്തിലാണ് അമ്പിളിയെ പിടികൂടിയത്. നെയ്യാറ്റിൻകരയ്ക്കും അമരവിളയ്ക്കും ഇടയിൽ വച്ചാണ് പ്രതി കാറിൽ കയറിയത് എന്നാണ് റിപ്പോർട്ടുകൾ. തെർമോകോൾ കട്ടർ ഉപയോഗിച്ചാണ് പ്രതി കൃത്യം നിർവഹിച്ചതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

രാത്രി 10.12നുള്ള ദൃശ്യങ്ങളിൽ കാറിൽ നിന്ന് ഇറങ്ങി ഒരാൾ മുന്നോട്ടുനടന്നുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇയാളുടെ കയ്യിൽ ഒരു ബാഗ് ഉണ്ട്. കാലിന് മുടന്ത് പോലെ തോന്നിപ്പിക്കുന്നയാൾ നടന്നുനീങ്ങുന്നതായാണ് ദൃശ്യങ്ങളിൽ വ്യക്തമായത്. തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോയ ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

തമിഴ്നാട് പൊലീസിന്റെ പട്രോളിങ്ങിനിടെയാണ് കഴിഞ്ഞദിവസം മൃതദേഹം കണ്ടെത്തിയത്. വാഹനം അസ്വാഭാവിക സാഹചര്യത്തിൽ കിടക്കുന്നതു രാത്രി 11.45നാണു തമിഴ്നാട് പൊലീസ് ശ്രദ്ധിച്ചത്. ഇൻഡിക്കേറ്റർ ഇട്ട് ബോണറ്റ് തുറന്ന നിലയിൽ കാർ കിടക്കുന്നത് കണ്ട് പൊലീസ് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഡ്രൈവർ സീറ്റിൽ സീറ്റ് ബെൽറ്റ് ഇട്ട നിലയിലായിരുന്നു മൃതദേഹം. കാറിനുള്ളിൽ രക്തം തളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നു

ദീപുവിന്റെ കൈവശം ഉണ്ടായിരുന്ന 10 ലക്ഷം രൂപ തട്ടാൻ ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് എന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!