തിരുവനന്തപുരം: സംസ്ഥാന അതിര്‍ത്തിയായ കളിയിക്കാവിളയില്‍ മലയാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. മലയന്‍കീഴ് സ്വദേശി ദീപുവിനെയാണ് (44) കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ട കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇന്നലെ രാത്രി സമയം 10.12നുള്ള ദൃശ്യങ്ങളില്‍ കാറില്‍ നിന്ന് ഇറങ്ങി ഒരാള്‍ മുന്നോട്ടുനടന്നുപോകുന്നത് വ്യക്തമാണ്. ഇയാളുടെ കയ്യില്‍ ഒരു ബാഗ് ഉണ്ട്. കാലിന് മുടന്ത് പോലെ തോന്നിപ്പിക്കുന്നയാളാണ് നടന്നുനീങ്ങിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് തമിഴ്‌നാട് പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ കൊലയ്ക്ക് പിന്നില്‍ ഗുണ്ടാ സംഘമാണോ എന്ന സംശയവും ഉയരുന്നുണ്ട്. മുന്‍പ് പത്തുലക്ഷം രൂപ ആവശ്യപ്പെട്ട് ഗുണ്ടാസംഘം വിളിച്ചതായി ദീപു പറഞ്ഞതായി ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. വീണ്ടും വിളിച്ച് അഞ്ചുലക്ഷം ആവശ്യപ്പെട്ടെങ്കിലും കൊടുത്തില്ല. പണം കൊടുത്തില്ലെങ്കില്‍ മക്കളെ അപായപ്പെടുത്തുമെന്ന് ദീപുവിനെ ഭീഷണിപ്പെടുത്തിയതായും ഭാര്യ വെളിപ്പെടുത്തി.
തമിഴ്‌നാട് പൊലീസിന്റെ പട്രോളിങ്ങിനിടെയാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. വാഹനം അസ്വാഭാവിക സാഹചര്യത്തില്‍ കിടക്കുന്നതു രാത്രി 11.45നാണു തമിഴ്‌നാട് പൊലീസ് ശ്രദ്ധിച്ചത്. ഇന്‍ഡിക്കേറ്റര്‍ ഇട്ട് ബോണറ്റ് തുറന്ന നിലയില്‍ കാര്‍ കിടക്കുന്നത് കണ്ട് പൊലീസ് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഡ്രൈവര്‍ സീറ്റില്‍ സീറ്റ് ബെല്‍റ്റ് ഇട്ട നിലയിലായിരുന്നു മൃതദേഹം. കാറിനുള്ളില്‍ രക്തം തളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. കാറില്‍ ദീപുവിനൊപ്പമുണ്ടായിരുന്ന ആള്‍, അല്ലെങ്കില്‍ ആളുകള്‍ ചേര്‍ന്ന് പുറകിലിരുന്ന് ആയുധമുപയോഗിച്ച് കൊലപ്പെടുത്തി എന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം.
ദീപുവിന്റെ സുഹൃത്തുക്കള്‍, ജീവനക്കാര്‍ തുടങ്ങി അടുപ്പമുള്ളവരെയും ഗുണ്ടാ സംഘങ്ങളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഒരാള്‍ കസ്റ്റഡിയിലുള്ളതായും സൂചനയുണ്ട്. ദൃശ്യങ്ങളില്‍ കാണുന്നയാളാണോ കൊലപ്പെടുത്തിയത്, അല്ലെങ്കില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നോ എന്ന ദിശയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ദീപുവിന്റെ കൈവശം ഉണ്ടായിരുന്ന 10 ലക്ഷം രൂപ തട്ടാന്‍ ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് എന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കാറില്‍ നിന്ന് പുറത്തിറങ്ങിയയാള്‍ കാലിന് മുടന്തുള്ള പോലെയാണ് നടന്നുനീങ്ങിയത്. ഒന്നെങ്കില്‍ കാറില്‍ പിടിവലി നടന്നപ്പോള്‍ കാലിന് പരിക്ക് പറ്റിയതാകാം. അല്ലെങ്കില്‍ മുടന്തുള്ള ആള്‍ ആയിരിക്കാം എന്ന നിഗമനത്തിലാണ് പൊലീസ്.
ഇന്നലെ വൈകീട്ട് ആറിനാണ് മലയിന്‍കീഴ് നിന്ന് ദീപു യാത്ര തിരിച്ചത്. ജെസിബി വാങ്ങാനായി 10 ലക്ഷം രൂപ കയ്യില്‍ കരുതിയിരുന്നു. കോയമ്പത്തൂരും ചെന്നൈയും പോകുമെന്നു വീട്ടില്‍ പറഞ്ഞിരുന്നു. കളിയിക്കാവിള വഴി വരാന്‍ കാരണം ജെസിബി ഓടിക്കാനറിയാവുന്ന ഒരു സുഹൃത്ത് ഇവിടെയുണ്ടായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ദീപുവിന് തിരുവനന്തപുരം മലയത്ത് ക്രഷര്‍ യൂണിറ്റുണ്ട്. പുതിയ ക്രഷര്‍ തുടങ്ങുന്നതിനായി ജെസിബിയും മറ്റും വാങ്ങുന്നതിനായാണ് പോയതെന്നാണ് വീട്ടുകാര്‍ നല്‍കുന്ന മൊഴി. തക്കല എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. പോകുന്ന വഴി നെയ്യാറ്റിന്‍കരയില്‍ വച്ച് ഒരാള്‍ കാറില്‍ കയറിയതായി ബന്ധുക്കള്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്. ഇത് ആര് എന്നതടക്കം പൊലീസ് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.