മൂന്നാർ: ഇന്ന് രാവിലെ ഗ്യാപ് റോഡിൽ ചിന്നക്കനാൽ – ആനയിറങ്കൽ ഭാഗത്ത് ഇന്നോവ കാറിൻ്റെ ഡോർ വിൻഡോ വഴി ശരീരം പുറത്തിട്ട് അഭ്യാസം നടത്തുന്ന യുവാക്കളുടെ വീഡിയോ , മറ്റൊരു കാറിൽ പിന്നാലെയുണ്ടായിരുന്ന യാത്രക്കാരൻ മൊബൈലിൽ പകർത്തി മോട്ടോർ വാഹന വകുപ്പിന് കൈമാറി .
വാഹനത്തിൻ്റെ രജിസ്ട്രേഷൻ നമ്പർ വച്ച് ഉടമയെ കണ്ടെത്തി. വീഡിയോ ലഭിച്ച് 2 മണിക്കൂറിനുള്ളിൽ വാഹനം ബൈസൺവാലി ഭാഗത്ത് നിന്നും കസ്റ്റഡിയിൽ എടുത്തതായി എൻഫോഴ്സ്മെൻറ് ആർ ടി ഒ – കെ കെ രാജീവ് അറിയിച്ചു.
വാഹനത്തിൽ 6 പേർ ഉണ്ടായിരുന്നു. കണ്ണൂർ സ്വദേശിയായ ഡ്രൈവറുടെ ലൈസൻസ് കസ്റ്റഡിയിൽ എടുത്തെന്നും ആർ ടി ഒ കൂട്ടിച്ചേർത്തു. അപകടകരമായ വാഹന ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാത്തത്, ഡ്രൈവറുടെ ശ്രദ്ധയെ തടസപ്പെടുത്തുന്ന യാത്രക്കാരുടെ പെരുമാറ്റം, റോഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ പരിപൂർണമായ ലംഘനം, വാഹനത്തിൻ്റെ രജിസ്ട്രേഷൻ നമ്പർ ശരിയായ വിധത്തിൽ എന്നീ കുറ്റങ്ങൾക്കായി 5750 രൂപ പിഴയുണ്ടാകും. കൂടാതെ കോടതി നടപടിയും നേരിടേണ്ടി വരും.
മൂന്നാർ – മാട്ടുപ്പെട്ടി, മൂന്നാർ – പൂപ്പാറ, മൂന്നാർ – അടിമാലി റൂട്ടിൽ സ്പെഷ്യൽ ചെക്കിംഗ് ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഇടുക്കി എൻഫോഴ്സ്മെൻറ്
ആർ ടി ഒ -കെ കെ രാജീവിൻ്റെ നിർദ്ദേശപ്രകാരം എ എം വി ഐമാരായ ബിനു കൂരാപ്പിള്ളി, ഫിറോസ് ബിൻ ഇസ്മായിൽ എന്നിവരാണ് വാഹനം പിടിച്ചെടുത്തത്.