ഇടുക്കി: ശക്തമായ കാറ്റിൽ കാറിന് മുകളിൽ മരം കടപുഴകി വീണ് അപകടം. സംഭവത്തിൽ ഒരാൾ മരിച്ചു. രാജകുമാരി മുരിക്കുംതൊട്ടി സ്വദേശി ജോസഫ് ആണ് മരിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം.
മുരിക്കുംതൊട്ടി സ്വദേശി ജോബിയും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. ജോബിയുടെ ഭാര്യയുടെ പിതാവാണ് മരിച്ച ജോസഫ്. സംഭവ സമയം ജോബിയുടെ ഭാര്യയും അമ്മ അന്നക്കുട്ടിയും കാറിൽ ഉണ്ടായിരുന്നു. മരം കാറിന് മുകളിൽ വീണ് ഉണ്ടായ അപകടത്തിൽ മൂന്ന് പേർക്കും പരിക്കുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
മരം വീണ് വാഹനം പൂർണമായും തകർന്നു. ക്രെയ്ൻ ഉപയോഗിച്ച് ആയിരുന്നു മരം എടുത്ത് മാറ്റിയത്. മരം വീണതിനെ തുടർന്ന് അതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മരം നീക്കി ഗതാഗതം പുന:സ്ഥാപിച്ചത്
