കുവൈറ്റ് : ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതിന് പിന്നാലെ കുവൈറ്റ് തീപിടുത്തത്തിൽ നിന്ന് രക്ഷപ്പെട്ട നളിനാക്ഷന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഭാര്യ. നളിനാക്ഷനെ വീഡിയോ കോളിലൂടെ വിളിച്ചു സംസാരിച്ചതായി ഭാര്യ പറഞ്ഞു. നാളിനാക്ഷനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് സഹോദരൻ രാജു ആവശ്യപ്പെട്ടിട്ടുണ്ട്.
തീപിടുത്ത സമയം മൂന്നാം നിലയിൽ നിന്ന് താഴെയുള്ള വാട്ടർ ടാങ്കിലേക്ക് ചാടിയാണ് നളിനാക്ഷൻ രക്ഷപെട്ടത്. വീഴ്ചയിൽ അരയ്ക്കു താഴെ പരിക്കേറ്റ നളിനാക്ഷൻ ചികിത്സയിൽ തുടരുകയാണ്. വാരിയെല്ലിനാണ് ശസ്ത്രക്രിയ വേണ്ടിവന്നത്. 10 വർഷത്തിലേറെയായി കുവൈറ്റിൽ ജോലിയെടുക്കുന്നയാളാണ് നളിനാക്ഷൻ.
തീപടരുന്നത് കണ്ടതോടെ നളിനാക്ഷൻ മൂന്നാംനിലയിൽനിന്ന് ചാടുകയായിരുന്നു. താഴെവീണ നളിനാക്ഷനെ തൊട്ടടുത്ത ഫ്ലാറ്റിലുള്ളവരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചാട്ടത്തിൽ പരിക്കേറ്റെങ്കിലും ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് ഒളവറയിലെ കുടുംബം.