സ്റ്റെഫിന്‍ യാത്രയായത്  കുന്നോളം സ്വപ്നങ്ങള്‍ ബാക്കിയാക്കി…

പാമ്പാടി : കുവൈറ്റില്‍ തീപിടിത്തത്തില്‍ മരിച്ച സ്റ്റെഫിന് തന്റെ സ്വപ്‌നമായിരുന്നു  സ്വന്തമായി ഒരു വീട്… ആറുമാസം മുമ്പ് നാട്ടിലെത്തിയപ്പോള്‍ വീടിന്റെ  പണികള്‍ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു.

പിന്നീട് കുവൈറ്റിലേക്ക് മടങ്ങിയപ്പോൾ അമ്മ വീഡിയോ കോളിലൂടെ വീടിന്റെ നിര്‍മാണ പുരോഗതികള്‍ മകനെ കാണിച്ചു കൊടുത്തിരുന്നു. നാട്ടിലെത്തുമ്പോള്‍ കയറി താമസിക്കാന്‍ സ്വപ്‌നം കണ്ട വീട്ടില്‍ സ്റ്റെഫിന്‍ എത്തുക ചേതനയറ്റ ശരീരമായി.

പണി പൂര്‍ത്തിയായി വരുന്ന സ്റ്റെഫിന്റെ വീട്

ഇന്നലെ നെടുമ്പാശ്ശേരിയിൽ എത്തിച്ച മൃതദേഹം മാങ്ങാനം മന്ദിരം ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഏറെ  പ്രിയപെട്ടവനായിരുന്നു സ്റ്റെഫിന്‍. പുതിയ കാര്‍, വീട്, വിവാഹം അങ്ങനെ നിരവധി സ്വപ്നങ്ങള്‍ ബാക്കിയാക്കിയാണ് സ്റ്റെഫിന്‍ യാത്രയായിരിക്കുന്നത്.

സ്റ്റെഫിന്‍ ബുക്ക് ചെയ്തിരുന്ന പുതിയ കാര്‍ വാങ്ങാനിരിക്കെയാണ് ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞത്. വർഷങ്ങളായി വാടക വീട്ടില്‍ താമസിക്കുന്ന ഇവര്‍ പണിയുന്ന പുതിയ വീടിന്റെ പണികള്‍ പൂര്‍ത്തിയായി വരുന്നതേയുള്ളു. പുതിയ വീടിന്റെ ഗൃഹപ്രവേശനത്തിനു ശേഷം വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു.

ഇതിനായി സ്റ്റെഫിനും  കുവൈറ്റില്‍ തന്നെയുള്ള സഹോദരന്‍ ഫെബിനും ഇസ്രായേലിലുള്ള സഹോദരന്‍ കെവിനും ഒരുമിച്ചു നാട്ടിലെത്താന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. പാമ്പാടി ഇരുമാരിയേല്‍ സാബു എബ്രഹാമിന്റയും ഷേര്‍ലിയുടെയും മകനാണ് സ്റ്റെഫിന്‍.

5വര്‍ഷം മുന്‍പാണ് എഞ്ചിനീയറായി ഫെബിന്‍ കുവൈറ്റില്‍ എത്തുന്നത് പിന്നീട് അനുജനായ സ്റ്റെഫിനെയും കുവൈറ്റിലേക്ക് കൊണ്ടുപോയി. ഇളയ സഹോദരന്‍ കെവിന്‍ ഇസ്രായേലില്‍ പിഎച്ച്ഡി ചെയ്യുന്നു. കെവിന്‍ ഇന്നലെ രാത്രിയോടെ വീട്ടിലെത്തി. ഐപിസി സഭയിലെ കീബോര്‍ഡിസ്റ്റ് ആയിരുന്നു സ്റ്റെഫിന്‍, സഭയുടെ പ്രവര്‍ത്തനങ്ങളിലെ നിറസാന്നിധ്യവും. 

  സംസ്കാരം സമയം തീരുമാനിച്ചാൽ മൃതദേഹം ആദ്യം വാടകവീട്ടിലും പിന്നീട് സ്റ്റെഫിന്റെ സ്വപ്‌നമായിരുന്ന പണിതീരാത്ത സ്വന്തം  വീട്ടിലും എത്തിക്കും.  പിന്നീട്  ഒന്‍പതാം മൈലിലുള്ള ഐപിസി സഭ സെമിത്തേരിയില്‍ നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!