തൊടുപുഴ : അറക്കുളം മൈലാടിയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടം. കട്ടപ്പന ഭാഗത്തേക്ക് പോകുകയായിരുന്ന മലപ്പുറം സ്വദേശി അബ്ദുൾ റഹ്‌മാൻ സഞ്ചരിച്ചിരുന്ന കാറാണ് നിയന്ത്രണം നഷ്ടപ്പെട്ട് ഓലിക്കുന്നേൽ സണ്ണിയുടെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞത്. അപകട സമയം സണ്ണിയും കുടുംബവും വീട്ടില്ലിലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
ഇടുക്കി ഭാഗത്ത് നിന്നും വരികയായിരുന്ന വാഹനം കടന്നുപോകുന്നതിനിടെ റോഡിന്റെ മറുവശത്ത് കൂട്ടിയിട്ടിരിക്കുന്ന മെറ്റലിലും പാറപ്പൊടിയിലും തെന്നി അബ്ദുൾ റഹ്‌മാൻ സഞ്ചരിച്ചിരുന്ന വാഹനം മറിയുകയായിരുന്നു എന്നാണ് പ്രദേശവാസി കൾ വ്യക്തമാക്കുന്നത്.
വാഹനത്തിനകത്ത് കുടുങ്ങിയ അബ്‌ദുൾ റഹ്‌മാനെ പ്രദേശവാസികൾ ചേർന്ന് പുറത്തെത്തിച്ചു. ഇയാൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. സമാനമായ രീതിയിൽ ഇതിനു മുമ്പും പ്രദേശത്ത് അപകടങ്ങളുണ്ടായിട്ടുണ്ട്. ഇവിടെ ക്രാഷ് ബാരിയർ ഇല്ലാത്തതിനാൽ അപകടങ്ങൾ പതിവാകുകയാണെന്ന് പ്രദേശവാസികൾ പറയുന്നത്.