മുംബൈ: ഓഹരി വിപണി റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 77,000 പോയിന്റ് കടന്ന് മുന്നേറി. ഒറ്റയടിക്ക് 500 പോയിന്റ് വര്‍ധിച്ചതോടെയാണ് സെന്‍സെക്‌സ് 77000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ മറികടന്നത്.
നിഫ്റ്റിയിലും സമാനമായ മുന്നേറ്റം രേഖപ്പെടുത്തി. 23400 പോയിന്റിന് മുകളിലാണ് നിഫ്റ്റിയില്‍ വ്യാപാരം തുടരുന്നത്. ഒട്ടുമിക്ക സെക്ടറുകളും ഗ്രീനിലാണ്. കോള്‍ ഇന്ത്യ, ബിപിസിഎല്‍, എച്ച്‌സിഎല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍ എന്നിവയാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. ബ്രിട്ടാനിയ, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
ആഗോള വിപണി നഷ്ടത്തിലായിട്ടും ഇന്ത്യന്‍ വിപണിയിലുള്ള നിക്ഷേപകരുടെ വിശ്വാസമാണ് മുന്നേറ്റത്തിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സാമ്പത്തിക പരിഷ്‌കരണ നടപടികളുമായി മുന്നോട്ടുപോകുമെന്ന സൂചനകളാണ് വിപണിയെ പ്രധാനമായി സ്വാധീനിക്കുന്നത്.