തൃശൂർ: അനധികൃതമായി സൂക്ഷിച്ച ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി യുവാവ് പിടിയിൽ. പാമ്പൂത്തറ സ്വദേശി രാജു (48) ആണ് ചാലക്കുടി പൊലീസിന്റെ പിടിയിലായത്. ഒന്നാം തീയതി ബീവറേജുകളും ബാറുകളും അവധിയായതിനാൽ അന്നനാട് പാമ്പൂത്തര കേന്ദ്രീകരിച്ചായിരുന്നു അനധികൃത മദ്യ വിൽപ്പന. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ കുറച്ചു നാളുകളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു.
ഡ്രൈ ഡേയും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമറിയുന്ന ദിവസം മുൻ നിർത്തിയും അനധികൃത വിൽപ്പന നടത്താൻ സൂക്ഷിച്ചിരുന്ന 10 ലിറ്റര്‍ മദ്യമാണ് പൊലീസ് പിടികൂടിയത്. പ്ലാസ്റ്റിക് കവറിൽ തിരിച്ചറിയാനാവാത്ത വിധം പൊതിഞ്ഞാണ് മദ്യക്കുപ്പികൾ ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തത്. വൈദ്യ പരിശോധനയ്‌ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
കൊരട്ടി സർക്കിൾ ഇൻസ്പെക്ടർ എൻ എ അനൂപ്, സബ് ഇൻസ്പെക്ടർ മുഹമ്മദ് ഷിഹാബ് കുട്ടശേരി ഡാൻസാഫ് ടീം അംഗങ്ങളായ വി ജി സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി എം മൂസ, വി യു സിൽജോ, എ യു റെജി, ബിനു എം ജെ, ഷിജോ തോമസ്, കൊരട്ടി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഷിജോ സി ടി സീനിയർ സിവിൽ പൊലീസ് ഓഫീസമാരായ ടോമി വർഗീസ്, മണിക്കുട്ടൻ, ഹോംഗാർഡ് ജയൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.