രവീന്ദ്രന്‍ മാത്രമായി എങ്ങനെ പട്ടയം ഉണ്ടാക്കും?, പിന്നില്‍ വേറെ ആളുണ്ടാകും; മൂന്നാര്‍ ഭൂമി കയ്യേറ്റത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി

കൊച്ചി: മൂന്നാറിലെ ഭൂമി കയ്യേറ്റ കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി. വ്യാജ പട്ടയ കേസില്‍ ദേവികുളം മുന്‍ അഡീഷണല്‍ തഹസീല്‍ദാര്‍ എം ഐ രവീന്ദ്രന് എതിരെ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി ചോദിച്ചു. 42 ഭൂമി കേസുകളില്‍ സര്‍ക്കാര്‍ കോടതിയില്‍ തോറ്റു. എന്നിട്ടും എന്ത് കൊണ്ട് അപ്പീല്‍ ഫയല്‍ ചെയ്തില്ലെന്നും കോടതി ചോദിച്ചു. വലിയ അഴിമതിയാണ് നടന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. മൂന്നാര്‍ ഭൂമി കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചിന്റേതാണ് വിമര്‍ശനം.

500 വ്യാജ പട്ടയം ഉണ്ടാക്കിയാല്‍ 500 കേസുകള്‍ വേണ്ടതല്ലേ? വ്യാജപട്ടയ കേസില്‍ ഗൂഢാലോചന കുറ്റം മാത്രം ചുമത്തിയത് തൃപ്തികരമല്ല. രവീന്ദ്രന് മാത്രമായി വ്യാജ പട്ടയം ഉണ്ടാക്കാനാകില്ല. പിന്നില്‍ വേറെയും ചില ആളുകള്‍ ഉണ്ടാകും. സിബിഐയെ സ്വമേധയാ കക്ഷി ചേര്‍ക്കും എന്നും ഹൈക്കോടതി പറഞ്ഞു. കേസ് സിബിഐക്ക് വിടുന്നതിന് മുമ്പ് പ്രതികളുടെ വാദം കേള്‍ക്കുന്നതിന് എന്തിനാണ്. അതിന് മുമ്പ് അഡ്വക്കേറ്റ് ജനറലിനെ കേള്‍ക്കും. ഉദ്യോഗസ്ഥരെ ഒഴിവാക്കാനാവില്ല. അവര്‍ക്കും കേസില്‍ ഉത്തരവാദിത്തമുണ്ട്. 42 കേസുകളും കൃത്യമായി അന്വേഷിച്ചില്ല. ഒരു കേസിലാണെങ്കില്‍ തഹസില്‍ദാര്‍ തന്നെ പ്രതികള്‍ക്ക് അനുകൂലമായെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളെ വെറുതെ വിട്ട കേസുകളുടെ എണ്ണവും നിലവിലുള്ള കേസുകളുടെ സ്ഥിതിയും അറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

പലതവണയായി ഉത്തരവിട്ടിട്ടും മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നിന്നതിനാല്‍ കടുത്ത ഭാഷയിലാണ് കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനെ വിമര്‍ശിച്ചത്. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നതില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മോണിറ്ററിങ് കമ്മിറ്റിയോട് ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിന് പിന്നാലെയാണ് വീണ്ടും സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!