കോട്ടയം : കനത്തമഴയെത്തുടർന്ന് ഭരണങ്ങാനം വില്ലേജിൽ ഇടമറുക് ചൊക്കല്ല് ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്ത് വ്യാപക നാശനഷ്ടം സംഭവിച്ചു. ഇവിടുത്തെ 7 വീടുകൾ ഉരുൾപ്പൊട്ടലിൽ തകർന്നു. ആളപായമില്ല .
രാവിലെ മുതൽ തുടങ്ങിയ കനത്തമഴയിൽ കോട്ടയത്ത് വിവിധ മേഖലകളിൽ വലിയ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. തലനാട് മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. ഇവിടെ മണ്ണിനടിയിൽപ്പെട്ട് ഒരു ആട് ചത്തു. പാലാ, വൈക്കം തുടങ്ങിയ പ്രദേശങ്ങളിൽ നിരവധി സ്ഥലങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഈരാറ്റുപേട്ട നടക്കലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. പാലാ നഗരത്തിലടക്കം വെള്ളംകയറിയിട്ടുണ്ട്. മീനച്ചിലാറിൽ രാത്രി ജലനിരപ്പ് ഉയരാൻ ഇടയുള്ളതുകൊണ്ട് തീരങ്ങളിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വൈക്കം, കോട്ടയം താലൂക്കുകളിലായി രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.