കോഹ്‍ലിയെ കാത്ത് 3 റെക്കോർഡുകൾ; ഇന്ത്യ- ന്യൂസിലന്‍ഡ് ഏകദിന പരമ്പര തുടങ്ങുന്നു

വഡോദര: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഏകദിന പരമ്പരയ്ക്ക് ശേഷം ടി20 പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. ടി20 ലോകകപ്പിനു മുന്നോടിയായുള്ള പരമ്പര എന്ന നിലയില്‍ ഈ മത്സരവും ഇന്ത്യക്ക് നിര്‍ണായകമാണ്.

നാളെ, 14, 18 തീയതികളിലാണ് ഏകദിന പരമ്പരയിലെ പോരാട്ടങ്ങള്‍. എല്ലാ മത്സരങ്ങളും പകല്‍ രാത്രിയാണ്. ഉച്ചയ്ക്ക് ഒന്നര മുതല്‍ക്കാണ് പോരാട്ടം.

വെറ്ററന്‍ താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവര്‍ ഏകദിന പരമ്പരയില്‍ കളിക്കും. ഇരുവരും വിജയ് ഹസാരെ ട്രോഫിയില്‍ മിന്നും ഫോമില്‍ ബാറ്റ് വീശിയാണ് എത്തുന്നത്. ഇരുവരും ഇന്നലെ വഡോദരയില്‍ പരിശീലനത്തിനായി ഇറങ്ങുകയും ചെയ്തു. കെഎല്‍ രാഹുല്‍, നിതീഷ് റെഡ്ഡി എന്നിവരും പരിശീലനത്തിനിറങ്ങി.

വിജയ് ഹസാരെ ട്രോഫിയ്ക്കു ശേഷം ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് എന്നിവരും ഇന്നലെ ടീമിനൊപ്പം ചേര്‍ന്നു. ടി20 ലോകകപ്പ് ടീമില്‍ നിന്നു തഴയപ്പെട്ട ശേഷം ശുഭ്മാന്‍ ഗില്‍ പരിക്കു മാറി കളിക്കാനിറങ്ങുന്ന പരമ്പര കൂടിയാണിത്. ഏകദിന നായകനെന്ന നിലയില്‍ താരത്തിന്റെ രണ്ടാമത്തെ പരമ്പരയാണിത്.

പരിക്കേറ്റ് പുറത്തായ തിലക് വര്‍മയ്ക്ക് ഏകദിന പരമ്പര നഷ്ടമാകും. താരത്തിനു ടി20 പരമ്പരയും നഷ്ടപ്പെടാന്‍ സാധ്യത നിലനില്‍ക്കുന്നു. കിവികള്‍ക്കെതിരായ ടി20 പരമ്പരയില്‍ തിലകിനു പകരം ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്തിയേക്കും.

ന്യൂസിലന്‍ഡ് ടീം കഴിഞ്ഞ ദിവസം മുതല്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. മിച്ചല്‍ ബ്രെയ്‌സ്‌വെല്ലാണ് കിവി ടീമിന്റെ ക്യാപ്റ്റന്‍. ഇന്ത്യയില്‍ നേരത്തെ ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന്റെ മികവുള്ള കിവികള്‍ ഇത്തവണ ഏകദിന പരമ്പര നോടാനാണ് ലക്ഷ്യം വയ്ക്കുന്നത്. ഇക്കാര്യം ടീം അംഗമായ വില്‍ യങ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!