പൊരുതാന്‍ പോലും നില്‍ക്കാതെ രാജസ്ഥാന്‍; കൊല്‍ക്കത്ത- ഹൈദരാബാദ് ഫൈനല്‍

ചെന്നൈ: ഒന്നു പൊരുതാന്‍ പോലും നില്‍ക്കാതെ രാജസ്ഥാന്‍ റോയല്‍സ് കീഴടങ്ങി. രണ്ടാം ക്വാളിഫയര്‍ വിജയിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐപിഎല്‍ ഫൈനലില്‍. നാളെ നടക്കുന്ന ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായി ഹൈദരാബാദ് ഏറ്റുമുട്ടും.

രണ്ടാം ക്വാളിഫയറില്‍ 36 റണ്‍സിന്റെ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അവര്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്തി. വിജയം തേടിയിറങ്ങിയ സഞ്ജുവിനും സംഘത്തിനും 7 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സില്‍ എത്താനെ സാധിച്ചുള്ളു.

സ്പിന്നര്‍മാരാണ് കളിയുടെ ഗതി നിര്‍ണയിച്ചത്. ഹൈദരാബാദിനായി ഇംപാക്ട് പ്ലെയറായി കളിച്ച സ്പിന്നര്‍ ഷഹബാസ് അഹമദ് നാലോവറില്‍ 23 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളും മറ്റൊരു സ്പിന്നര്‍ അഭിഷേക് ശര്‍മ നാലോവറില്‍ 24 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയതും നിര്‍ണായകമായി. എട്ടോവറില്‍ ഇരുവരും ചേര്‍ന്നു 47 റണ്‍സ് വഴങ്ങി അഞ്ച് നിര്‍ണായക വിക്കറ്റുകളാണ് വീഴ്ത്തിയത്. ഈ അടിയില്‍ നിന്നു പുറത്തെത്താന്‍ രാജസ്ഥാനു സാധിച്ചില്ല.

35 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 56 റണ്‍സെടുത്തു പുറത്താകാതെ നിന്ന ധ്രുവ് ജുറേലാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. യശസ്വി ജയ്‌സ്വാള്‍ 21 പന്തില്‍ 42 റണ്‍സെടുത്തു. താരം നാല് ഫോറും മൂന്ന് സിക്‌സും പറത്തി. മറ്റൊരു ബാറ്ററും കാര്യമായ സംഭാവന നല്‍കാതെ മടങ്ങിയത് രാജസ്ഥാന് കനത്ത തിരിച്ചടിയായി.

ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബംഗളൂരുവിനെ തോല്‍പ്പിച്ച ടീമുമായാണ് രാജസ്ഥാന്‍ കളത്തിലിറങ്ങിയത്.

ക്ലാസനാണ് സണ്‍റൈസേഴ്സിന്റെ ടോപ് സ്‌കോറര്‍. 50 റണ്‍സ് നേടി. ട്രാവിസ് ഹെഡ് 28 പന്തില്‍ നിന്ന് 34 റണ്‍സ് നേടി. ഓപ്പണര്‍ അഭിഷേക് ശര്‍മ കൂറ്റനടിയോടെ തുടങ്ങിയെങ്കിലും 12 റണ്‍സ് മാത്രമാണ് നേടാനായത്. നേരിട്ട അഞ്ച് പന്തില്‍ ഒരു സിക്സറും ഒരു ഫോറും പറത്തിയാണ് അഭിഷേക് മടങ്ങിയത്.

എയ്ഡന്‍ മാര്‍ക്രം ഒരു റണ്‍സ് മാത്രമാണ് നേടിയത്. നിതീഷ് കുമാര്‍ 5 റണ്‍സിനും അബ്ദുല്‍ സമദ് പൂജ്യത്തിലും കൂടാരം കയറി. ഷഹബാസ് അഹമ്മദ് 18 റണ്‍സ് നേടി. അഞ്ച് റണ്‍സ് നേടിയ ജയ്ദേവ് ഉനദ്കടിനെ സഞ്ജു റണ്‍ ഔട്ടാക്കി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് പുറത്താകാതെ 5 റണ്‍സ് നേടി.

ട്രെന്റ് ബോള്‍ട്ടും ആവേശ് ഖാനുമാണ് സണ്‍റൈസേഴ്സിനെ എറിഞ്ഞു വീഴ്ത്തിയത്. ഇരുവരും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. സന്ദീപ് ശര്‍മ രണ്ട് വിക്കറ്റുകള്‍ നേടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!