നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ മുന്നില്‍ ബാംഗ്ലൂര്‍; ഏഴാം വിജയം സഞ്ജു തടയുമോ?; എലിമിനേറ്ററില്‍ ഇന്ന് ജീവന്‍മരണ പോരാട്ടം

അഹമ്മദാബാദ്: ഐപിഎല്ലിലെ എലിമിനേറ്റര്‍ മത്സരത്തില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ രാത്രി ഏഴ് മണിക്കാണ് മത്സരം. പോയിന്റ് പട്ടികയില്‍ മുന്നും നാലും സ്ഥാനത്തുളള ടീമുകളാണ് എലിമിനേറ്റര്‍ കളിക്കുന്നത്. എലിമിനേറ്ററില്‍ വിജയിക്കുന്നവര്‍ ഒന്നാം ക്വാളിഫയറില്‍ പരാജയപ്പെട്ട ഹൈദരബാദുമായി രണ്ടാം ക്വാളിഫയറില്‍ ഏറ്റുമുട്ടും.

രാജസ്ഥാന്‍ റോയല്‍സും, റോയല്‍ ചാലഞ്ചേഴ്‌സും 31 തവണ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ 13 തവണ രാജസ്ഥാനും 15 തവണ റോയല്‍ ചാലഞ്ചേഴ്‌സും വിജയിച്ചു. മൂന്ന് മത്സരങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തു.

ഈ സീസണിലെ പതിനാല് മത്സരങ്ങളില്‍ നിന്ന് എട്ട് കളികളിലാണ് രാജസ്ഥാന്‍ വിജയിച്ചത്. ഒരു കളി മഴ മൂലം ഉപേക്ഷിച്ചു. 17 പോയിന്റെ നേടിയാണ് സഞ്ജുവിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ മൂന്നാമത് എത്തിയത്. തുടക്കത്തില്‍ ആദ്യ 9 മത്സരങ്ങളില്‍ എട്ടും ജയിച്ച് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായിരുന്നു രാജസ്ഥാന്‍. എന്നാല്‍ അവസാന 5 ലീഗ് മത്സരങ്ങളില്‍ നാലിലും രാജസ്ഥാന്‍ തോല്‍ക്കുകയും ചെയ്തു. ലീഗ് ഘട്ടത്തില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ബംഗളൂരുവിനെ 6 വിക്കറ്റിന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാകും രാജസ്ഥാന്‍ ഇന്നിറങ്ങുക.

ആദ്യ 8 മത്സരങ്ങളില്‍ ഏഴിലും തോറ്റ ബംഗളൂരു, പിന്നാലെ നടന്ന 6 മത്സരങ്ങളിലും അപരാജിത കുതിപ്പു നടത്തിയാണ് പ്ലേഓഫില്‍ കടന്നത്. റോയല്‍ ചാലഞ്ചേഴ്‌സ് ഏഴ് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ഏഴ് മത്സരങ്ങളില്‍ പരാജയപ്പെട്ടു. പതിനാലും പോയിന്റുമായാണ് അവസാന നാലില്‍ എത്തിയത്. ഉജ്ജ്വല ഫോമില്‍ കളിക്കുന്ന തങ്ങള്‍ക്ക് രാജസ്ഥാന്‍ വെല്ലുവിളിയാകില്ലെന്ന പ്രതീക്ഷയിലാണ് ബംഗളൂരു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!