ജയിക്കാനുറച്ച് ബിജെപി, 100 സ്ഥാനാർഥികളുടെ പട്ടിക ഉടൻ; ലിസ്റ്റിൽ ആരെല്ലാം?

 ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ബിജെപിയുടെ സ്ഥാനാർഥി പട്ടിക ഉടൻ. വ്യാഴാഴ്ച 100 സ്ഥാനാർഥികളുടെ പേരുകൾ പുറത്തുവിടുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടുമെന്നാണ് സൂചന.

തെരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ചിൽ ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച നിർണായ പ്രഖ്യാപനം നടത്തുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് ബിജെപി നേതൃത്വം സ്ഥാനാർഥി പട്ടിക പുറത്തിറക്കിയത്. ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഫെബ്രുവരി 29ന് ചേരാൻ സാധ്യതയുണ്ട്. തുടർന്നാകും ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുക.

ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളുടെ പേരുകൾ പട്ടികയിലുണ്ടാകുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. അന്തിമമായ സ്ഥാനാർഥികളുടെ ആദ്യ പട്ടികയിൽ ചില കേന്ദ്രമന്ത്രിമാരുടെ പേരും ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു.

ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഗൗരവത്തോടെയാണ് ബിജെപി കാണുന്നത്. 543 ലോക്‌സഭാ സീറ്റുകളിൽ 370 സീറ്റുകൾ നേടുകയെന്ന ലക്ഷ്യമാണ് ബിജെപിക്കുള്ളത്. എൻഡിഎ സീറ്റുകൾ 400 എന്ന നമ്പരിൽ എത്തിക്കുകയെന്ന ശ്രമവുമുമുണ്ട്. അതിനാൽ സ്ഥാനാർഥി പട്ടികയിൽ ഒരു കുറവും വരുത്താതെയാകും പ്രഖ്യാപനം. കൂട്ടായ പ്രവർത്തനത്തിലൂടെ കൂടുതൽ സീറ്റുകൾ നേടാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.

370 സീറ്റുകൾ നേടുകയെന്ന പാർട്ടിയുടെ ലക്ഷ്യം സാക്ഷാത്കരിക്കാൻ ശുഷ്കാന്തിയോടെ പ്രവർത്തിക്കാൻ ബിജെപി നേതാക്കളോടും പ്രവർത്തകരോടും പ്രധാനമന്ത്രി കഴിഞ്ഞയാഴ്ച അഭ്യർഥിക്കുകയും അടുത്ത 100 ദിനങ്ങൾ നിർണായകമാകുമെന്നും പറഞ്ഞിരുന്നു.

അടുത്ത 100 ദിവസത്തിനുള്ളിൽ നാമെല്ലാവരും ഓരോ പുതിയ വോട്ടർമാരിലേക്കും, ഓരോ ഗുണഭോക്താക്കളിലേക്കും, എല്ലാ സമുദായങ്ങളിലേക്കും എത്തിച്ചേരണം. എല്ലാവരുടെയും വിശ്വാസം നേടണം. എൻഡിഎയെ 400ൽ എത്തിക്കാൻ ബിജെപിക്ക് 370 സീറ്റ് കടക്കേണ്ടിവരുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ബിജെപിയുടെ ദേശീയ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതിനാലാണ് മൂന്നാം തവണയും അധികാരത്തിലെത്തണമെന്ന് ആവർത്തിക്കുന്നതെന്ന് മോദി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!