കോട്ടയം : കൈകൾ ശുദ്ധമാണെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മാസപ്പടി കേസ് അന്വേഷണം തടസപ്പെടുത്താൻ എന്തിനാണ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
വീണാ വിജയൻ്റെ എക്സാലോജിക്ക് കമ്പനി എസ്എഫ്ഐഒയുടെ അന്വേഷണത്തിന് സ്റ്റേ തേടി കർണാടക ഹൈക്കോടതിയിയെ സമീപിച്ചത് മടിയിൽ കനമുള്ളതു കൊണ്ടാണ്. അച്ഛൻ്റെ കെഎസ്ഐഡിസി കേരള ഹൈക്കോടതിയിൽ പോയി തിരിച്ചടി നേരിട്ടതിന് പിന്നാലെ മകളുടെ കമ്പനി കർണാട ഹൈക്കോടതിയിൽ പോവുകയാണ്.
അമ്മയുടെ പെൻഷൻ കൊണ്ടാണ് മകൾ കമ്പനി ഉണ്ടാക്കിയതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് തെറ്റാണെന്ന് രേഖകൾ പുറത്തുവന്നപ്പോൾ തെളിഞ്ഞു. അച്ഛനും മകളും അന്വേഷണത്തോട് സഹകരിക്കുക യാണ് വേണ്ടതെന്നും കോട്ടയം പ്രസ്ക്ലബ്ബിൽ നടന്ന മീറ്റ് ദി പ്രസ് പരിപാടിയിൽ സുരേന്ദ്രൻ പറഞ്ഞു.
എക്സാലോജിക്ക് കർണാടക കോടതിയെ സമീപിച്ചതിൻ്റെ പിന്നിൽ വിഡി സതീശൻ്റെ വളഞ്ഞ ബുദ്ധിയാണ്. വിഡി സതീശനും മാസപ്പടി കിട്ടിയിട്ടുണ്ടോയെന്ന് സംശയം. മുൻ പ്രതിപക്ഷ നേതാവിനും പ്രമുഖ യുഡിഎഫ് നേതാക്കൾക്കും പണം കിട്ടിയിട്ടുണ്ട്. എന്തുകൊണ്ടാണ് കർണാടക തിരഞ്ഞെടുത്തതെന്നത് ദുരൂഹമാണ്.
കർണാടകയിൽ രാഷ്ട്രീയ അഭയം ലഭിക്കുമെന്നതാണ് കാരണം. കെഎസ്ഐഡിസിയെ മുൻനിർത്തിയുള്ള ശ്രമം പാളിയപ്പോൾ സതീശൻ്റെ സഹായം ലഭിച്ചു. ഒരു കുടുംബത്തിന് വേണ്ടി കേസുകൾ അട്ടിമറിക്കുന്നതാണോ സിപിഎം നിലപാട്. ഇത് സിപിഎമ്മിൻ്റെ പ്രഖ്യാപിത നയമാണോയെന്ന് സിപിഎം അഖിലേന്ത്യ നേതൃത്വവും സംസ്ഥാന നേതൃത്വവും വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ കുടുംബമാണ് മാസപ്പടി വാങ്ങിയത്. നഗ്നമായ അധികാര ദുർവിനിയോഗമാണ് നടന്നത്. ഒരു വ്യക്തിക്കും അദ്ദേഹത്തിൻ്റെ കുടുംബത്തിനും വേണ്ടി പാർട്ടി നിലപാട് ബലികഴിക്കുകയാണ്.
കേരളത്തിൽ പൊതുമേഖല സ്ഥാപനങ്ങൾ തകരുകയാണ്. പലതും ഷെൽ കമ്പനികൾക്ക് വിൽക്കുകയാണ്. വെള്ളൂർ ന്യൂസ് പ്രിൻറ്റ് ഫാക്ടറി, കോഴിക്കോട് കോൺട്രസ്റ്റ് എന്നിവ ഊരാളുങ്കലിന് കൊടുക്കുകയാണ് സർക്കാർ. വിഡി സതീശൻ മുഖ്യമന്ത്രിക്ക് വേണ്ടി പാദസേവ ചെയ്യുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.