മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 10 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലും ഉള്‍പ്പെടുന്ന 94 മണ്ഡലങ്ങളിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച. പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഗുജറാത്തിലെ 25 മണ്ഡലത്തിലും ഉത്തര്‍പ്രദേശ്, ബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലെ ഒട്ടേറെ നിര്‍ണായക മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്.

ഗുജറാത്തിലെ എല്ലാ സീറ്റുകളിലേക്കും ഈഘട്ടത്തിലാണ് വോട്ടെടുപ്പ്. ആദ്യ രണ്ടുഘട്ട വോട്ടെടുപ്പില്‍ ഒന്നാംഘട്ടത്തില്‍ 66.14 ശതമാനവും രണ്ടാംഘട്ടത്തില്‍ 66.71 ശതമാനവുമായിരുന്നു പോളിങ്.

മൂന്നാംഘട്ടത്തില്‍ അസം (4), ബീഹാര്‍ (5), ഛത്തീസ്ഗഡ് (7), ഗോവ (2), ഗുജറാത്ത് (26), കര്‍ണാടക (14), മധ്യപ്രദേശ് (8) എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. , മഹാരാഷ്ട്ര (11), ഉത്തര്‍പ്രദേശ് (10), പശ്ചിമ ബംഗാള്‍ (4), ജമ്മു കശ്മീര്‍ (1), ദാദ്ര നഗര്‍ഹവേലി, ദാമന്‍ ദിയു (2) എന്നി മണ്ഡലങ്ങളാണ് പോളിങ് ബൂത്തിലെത്തുന്നത്.

പ്രധാന സ്ഥാനാര്‍ഥികള്‍, മണ്ഡലങ്ങള്‍

കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ജ്യോതിരാദിത്യ സന്ധ്യ മധ്യപ്രദേശിലെ ഗുണയില്‍ നിന്നാണ് ജനവിധി തേടുന്നത്. വിദിഷയില്‍ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ബിജെപി സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ സിങ് രാജ്ഗഢില്‍ നിന്ന് മത്സരിക്കും.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിനെതിരെ എന്‍സിപി (എസ്പി) നേതാവും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെ ബാരാമതിയില്‍ മത്സരിക്കും. കോണ്‍ഗ്രസിന്റെ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പശ്ചിമ ബംഗാളിലെ ബഹരംപൂരില്‍ മത്സരിക്കും.സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ് മെയിന്‍പുരിയില്‍ മത്സരിക്കും.

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി കര്‍ണാടകയിലെ ധാര്‍വാഡില്‍ മത്സരിക്കും. വ്യവസായി പല്ലവി ഡെംപോ സൗത്ത് ഗോവയില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കും. ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) പ്രസിഡന്റ് ബദറുദ്ദീന്‍ അജ്മല്‍ അസമിലെ ധുബ്രിയില്‍ നിന്ന് ജനവിധി തേടും.

നാലാംഘട്ടവോട്ടെടുപ്പ് മെയ് 13നും അഞ്ചാംഘട്ടം മെയ് 20നും ആറാംഘട്ടം മെയ് 25നും ഏഴാംഘട്ടം ജൂണ്‍ ഒന്നിനും നടക്കും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!