നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോഴിക്കോട്: നവകേരള ബസിന്റെ ബംഗളൂരു-കോഴിക്കോട് ആദ്യ സർവീസ് ആരംഭിച്ചു. ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ് ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്നത്.

ഹൗസ് ഫുള്ളായായിരുന്നു കന്നിയാത്ര. എന്നാൽ യാത്ര തുടങ്ങി അൽപസമയത്തിനുള്ളിൽ തന്നെ ഹൈഡ്രോളിക് ഡോർ കേടായത് ആദ്യ യാത്രയിൽ ചെറിയ കല്ലുകടിയായി. ബസിന്റെ ഡോർ ഇടയ്ക്ക് തനിനെ തുറന്നു വരാൻ തുടങ്ങി. കാറ്റ് ശക്തമായി അടിക്കാൻ തുടങ്ങിയതോടെ കാരന്തൂർ എത്തിയപ്പോൾ ബസ് നിർത്തി. തുടർന്ന് യാത്രക്കാരുടെ സഹായത്തില്‍ ബാഗിന്റെ വള്ളി ഉപയോഗിച്ച് വാതിൽ കെട്ടിവച്ചാണ് യാത്ര തുടർന്നത്.

താമരശേരിയിൽ ബസിന് സ്വീകരണം ലഭിച്ചു. ഏപ്രിൽ മുപ്പതിനാണ് സീറ്റ് ബുക്കിങ്ങിന് ഓൺലൈൻ സൗകര്യം ഒരുക്കിയത്. രണ്ട് ദിവസം കൊണ്ട് സീറ്റു മുഴുവൻ ബുക്ക് ചെയ്തു. 25 യാത്രക്കാരാണ് ബസിലുള്ളത്. 26 സീറ്റുള്ളതിൽ ഒരു സീറ്റ് കണ്ടക്ടറുടേതാണ്. റിസർവ് ഡ്രൈവർ കം കണ്ടക്ടർ രീതിയിൽ പി ജയ്ഫർ, ഷാജി മോൻ എന്നിവരാണ് ബസ് ഓടിക്കുന്നത്. നാല് മണിക്ക് യാത്ര തുടങ്ങുമെന്നാണ് അറിയിച്ചതെങ്കിലും നാലരയോടെയാണ് യാത്ര ആരംഭിച്ചത്.

എല്ലാ ദിവസവും പുലര്‍ച്ചെ നാലിന് കോഴിക്കോടു നിന്ന് യാത്രതിരിച്ച് 11.35 ന് ബംഗളൂരുവില്‍ എത്തും. പകല്‍ 2.30ന് ബംഗളൂരുവില്‍ നിന്നും തിരിച്ച് രാത്രി 10.05 ന് കോഴിക്കോട്ട് എത്തിച്ചേരും. ആഡംബര നികുതിയും സെസുമടക്കം 1171 രൂപയാണ് ടിക്കറ്റ് നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!