കേരളത്തിലെ ട്രാക്കുകളിലും സ്വകാര്യ ട്രെയിൻ; സർവ്വീസ് ജൂൺ മുതൽ, പ്രത്യേകതകളറിയാം

തിരുവനന്തപുരം; രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ഹിറ്റായ സ്വകാര്യ ട്രെയിൻ പദ്ധതി സംവിധാനം കേരളത്തിലും. ജൂൺ 4 ാം തീയതി ട്രെയിനിന്റെ കന്നി സർവ്വീസ് ഉണ്ടാവുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നടത്തിപ്പുകാർ.

വിനോദസഞ്ചാരികൾക്കായിട്ടാണ് സ്വകാര്യ ട്രെയിൻ അവതരിപ്പിക്കുന്നത്. കൊച്ചി ആസ്ഥാനമായ പ്രിൻസി ട്രാവൽസ് ആണ് ടൂർ സർവീസിന് പിന്നിൽ പ്രവർത്തിക്കുക തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന ആദ്യത്തെ യാത്ര ഗോവയിലേക്കാണ്, ഇതിന് പുറമേ മുംബയ്, അയോദ്ധ്യ എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്താൻ ഉദ്ദേശിക്കുന്നത്.

അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റെടുക്കേണ്ടതില്ല. 10 വയസിൽ താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവുണ്ട്.ചെന്നൈ ആസ്ഥാനമായ എസ്.ആർ.എം.പി.ആർ ഗ്രൂപ്പുമായി സഹകരിച്ചാണ് പ്രിൻസി ട്രാവൽസ് ടൂർ പാക്കേജ് ഒരുക്കുന്നത്. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ നിന്ന് കയറാൻ കഴിയും. എന്നാൽ ടൂർ പാക്കേജിന്റെ ഭാഗമായി ടിക്കറ്റ് എടുത്തവർക്ക് മാത്രമേ പ്രവേശനം ഉണ്ടാകുകയുള്ളൂ.

ഒരേസമയം 750 പേർക്ക് യാത്ര ചെയ്യാവുന്ന ട്രെയിനിൽ 2 സ്ലീപ്പർ ക്ലാസ്, 11 തേർഡ് എ.സി, 2 സെക്കൻഡ് എ.സി കംപാർട്ടുമെന്റ് സൗകര്യങ്ങൾ ഉണ്ടാകും. മെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെ 60 ജീവനക്കാരും യാത്രക്കാർക്ക് വേണ്ടിയുള്ള പാക്കേജിന്റെ ഭാഗമായി ട്രെയിനിലുണ്ടാകും. സി.സി.ടി.വി, ജി.പി.എസ് ട്രാക്കിംഗ്, വൈ-ഫൈ, ഭക്ഷണം, വൃത്തിയുള്ള ടോയ്‌ലറ്റുകൾ എന്നിവ ട്രെയിനിന്റെ പ്രത്യേകതകളാണ്. ഫോർസ്റ്റാർ ഹോട്ടലുകളിലെ താമസം ഉൾപ്പെടെ നാലുദിവസത്തെ ഗോവൻ യാത്രയ്ക്ക് സെക്കൻഡ് എ.സിയിൽ 16,400 രൂപയാണ് നിരക്ക്. തേഡ് എ.സിയിൽ 15,150 രൂപയും നോൺ എ.സി സ്ലീപ്പറിൽ 13,999 രുപയുമാണ് ഈടാക്കുന്നത്. 8 ദിവസം നീണ്ടുനിൽക്കുന്ന അയോദ്ധ്യ യാത്രയുടെ പാക്കേജ് 37,150, 33,850, 30,550 രൂപ എന്നിങ്ങനെയാണ്. അയോദ്ധ്യ, വാരാണാസി, പ്രയാഗ്രാജ് എന്നിവിടങ്ങളിലെ പ്രശസ്തമായ ക്ഷേത്രങ്ങൾ ദർശിക്കാനും ഗംഗാആരതി കാണാനുമുള്ള സൗകര്യവും പാക്കേജിലുണ്ട്. വെജിറ്റേറിയൻ ഭക്ഷണമായിരിക്കും ഈ യാത്രയിൽ ഒരുക്കുന്നത്. മുംബയ് യാത്രയ്ക്ക് 18,825, 16,920 15,050 രൂപ വീതമാണ് നിരക്ക്. ജൂൺ മുതൽ എല്ലാ മാസവും ഓരോ ട്രിപ്പ് വീതമാകും സ്വകാര്യ ട്രെയിൻ നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!